പ്രതിപക്ഷത്തെ നേരിടുന്ന തരത്തിലാണ് കർഷകരെയും സർക്കാർ നേരിടുന്നത് ; ചര്‍ച്ച വൈകിപ്പിച്ച് ആത്മവീര്യം കെടുത്താൻ ശ്രമം; കർഷകർ

ന്യൂഡെൽഹി : സർക്കാർ കർഷക മുന്നേറ്റത്തെ ശിഥിലീകരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കർഷകർ. സർക്കാർ തങ്ങളോട് പ്രതിപക്ഷത്തെ പോലെയാണ് പെരുമാറുന്നതെന്ന് സമര നേതാക്കളിലൊരാളായ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു. സിംഗു അതിർത്തിയിൽ കർഷക നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു യോഗേന്ദ്രയാദവ്.

“സർക്കാർ ചില സ്വയം പ്രഖ്യാപിത കർഷക സംഘടനകളെയും നേതാക്കളെയും വിളിച്ചു വരുത്തി തുടർച്ചയായ ചർച്ചകൾ നടത്തുകയാണ്. അവരാരും തന്നെ ഞങ്ങളുടെ പ്രക്ഷോഭവുമായി സഹകരിക്കുന്നവരല്ല. ഇത് ഞങ്ങളുടെ മുന്നേറ്റത്തെ തകർക്കാനുള്ള ശ്രമമാണ്. പ്രതിപക്ഷത്തെ എങ്ങനെ സർക്കാർ നേരിടുന്നുവോ അതേ തരത്തിലാണ് അവർ പ്രതിഷേധിക്കുന്ന കർഷകരെയും നേരിടുന്നത്”.

തങ്ങൾ തള്ളിക്കളഞ്ഞ ഭേദഗതികളുമായി സർക്കാർ വീണ്ടും തങ്ങളെ സമീപിക്കേണ്ടതില്ലെന്നും സമഗ്രമായ പുതിയ പ്രമേയവുമായി വന്നാൽ മാത്രം അത് അജണ്ടയിലെടുക്കാമെന്നുമാണ് കർഷക സംഘങ്ങളുടെ നിലപാട്. അങ്ങനെയാണെങ്കിൽ അനുരഞ്ജന ചർച്ചകൾ എത്രയും പെട്ടെന്ന് തുടങ്ങാമെന്നും യോഗേന്ദ്രയാദവ് അറിയിച്ചു.

“ചർച്ചകൾ പരമാവധി വൈകിപ്പിച്ച് കർഷകരുടെ ആത്മ വീര്യം കെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ഞങ്ങൾ കർഷകരുടെ പ്രശ്നത്തെ ഇപ്പോഴും ലഘുവായാണ് കാണുന്നത്. എത്രയും പെട്ടെന്ന് നടപടിയെടുക്കാൻ സർക്കാരിന് തങ്ങൾ മുന്നറിയിപ്പു നൽകുകയാണ്”, ഭാരതീയ കിസാൻ യൂണിയൻ നേതാവ് യുദ്ധ്വീർ സിങ്ങ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.