മുംബൈ: നടി കങ്കണ റണാവത്തിൻറെ കെട്ടിടം പൊളിച്ച സംഭവത്തിൽ മുംബൈ കോർപ്പറേഷൻ കമ്മീഷണറോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്രാ മനുഷ്യാവകാശ കമ്മീഷൻ. കങ്കണയുടെ പരാതിയിലാണ് നടപടി. നേരത്തെ ബോബെ ഹൈക്കോടതി കെട്ടിടം പൊളിച്ച നടപടി കുറ്റകരമാണെന്ന് വിധിച്ചിരുന്നു. നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ സർവേയറെയും നിയോഗിച്ചിട്ടുണ്ട്. നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് ആവശ്യം.
കങ്കണയുടെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയ ബിഎംസി(ബോംബെ മുൻസിപ്പൽ കോർപ്പറേഷൻ) നടപടി നിയമവിരുദ്ധമെന്നും നഷ്ടപരിഹാരം നൽകണമെന്നുമായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവ്. കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകൾ ഞങ്ങൾ അംഗീകരിക്കുന്നില്ല. അവർ സംയമനം പാലിക്കേണ്ടതായിരുന്നു.
അവരുടെ ട്വീറ്റല്ല കോടതിയുടെ പ്രശ്‌നം. കെട്ടിടം പൊളിച്ചുമാറ്റിയതാണ് പ്രശ്നം. ഇക്കാര്യം പറഞ്ഞായിരുന്നു കോടതി ഉത്തരവ്. പൊളിച്ചുമാറ്റിയ ഭാഗം ബിഎംസി നിർമ്മിച്ചുനൽകണമെന്നും അതിനായി കങ്കണക്ക് അപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ വിദഗ്ധർ നഷ്ടം കണക്കാക്കണമെന്നും കോടതി പറഞ്ഞു.