നിരത്തുകളിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ചീറിപ്പായും; സാങ്കേതികതക്കൊപ്പം മാറിയില്ലെങ്കിൽ ജീവിതം വഴിമുട്ടും

എസ് ശ്രീകണഠൻ

കൊച്ചി: ലോകത്ത് കണ്ണടച്ച് തുറക്കും മുമ്പ് സാങ്കേതികത മാറുകയാണ്. നമ്മുടെ നിരത്തുകളിലൊക്കെ ഡ്രൈവറില്ലാ വാഹനങ്ങൾ ചീറിപ്പായും. എല്ലാം കമ്പ്യൂട്ടർ ചെയ്യും. നിർമ്മിത ബുദ്ധിയുടെ പൂക്കാലമാണ് വരാൻ പോകുന്നത്. നമ്മുടെ ജീവിത രീതിയൊക്കെ ആകെ മാറി മറിയും.

ഇന്ന് നമ്മൾ ചെയ്യുന്നതൊക്കെ നാളെ യന്ത്രം ചെയ്യും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും വർച്വൽ റിയാലിറ്റിയും മഷീൻ ലേണിങ്ങും എല്ലാം കൂടി ജീവിതമാകെ മാറ്റിമറിക്കും. കമ്പ്യൂട്ടർ എല്ലാം ചെയ്യും. കൊച്ചിയിൽ ഇരിക്കുന്ന ഒരാൾ തിരുവനന്തപുരത്ത് പോകാൻ കാറിൽ വെറുതെ ഇരുന്ന് കൊടുത്താൽ മതി. കൊണ്ടുപോയി സുരക്ഷിതമായി മടക്കിക്കൊണ്ടു വരുന്ന പണി നിർമ്മിത ബുദ്ധി ചെയ്തു കൊള്ളും.

കാറിലിരുന്ന് പണിയെടുക്കുകയും ചെയ്യാം. റോഡിലെ തിരക്കും വാഹനങ്ങളുടെ തിക്കും കണ്ട് ബിപി കൂട്ടേണ്ട. കാറിൻ്റെ ഷേപ്പ് പോലും അടിമുടി മാറാം. സ്റ്റിയറിങ്ങും ഗിയർ ബോക്സും അപഹരിച്ച സ്ഥലമൊക്കെ നമുക്ക് നടുനിവർന്ന് ഇരിക്കാൻ ഉപയോഗിക്കാം. മെക്കാനിക്കൽ എഞ്ചിനീയറിങ് പഠിച്ചവനേക്കാൾ കമ്പ്യൂട്ടർ സയൻസ് പഠിച്ചവനാകും വാഹന രൂപകൽപ്പന ചെയ്യുക.

ടെസ്ലെ അനുഭവം നമുക്ക് മുന്നിലുണ്ടല്ലോ. മുമ്പിലും പിന്നിലും രണ്ടു ബാറ്ററി യൂണിറ്റുകൾ. കഴിഞ്ഞു അവയുടെ എഞ്ചിൻ പോർഷൻ. ബാക്കിയെല്ലാം ഡിക്കി . കുട്ടിയും പട്ടിയുമെല്ലാം കുത്തി നിറയ്ക്കാൻ ആവോളം സ്ഥലം. സാങ്കേതികത ലോകം നിയന്ത്രിക്കുമെന്നതിൻ്റെ സൂചന ഈ കൊറോണ കാലത്ത് നാം കണ്ടു കഴിഞ്ഞു.

ജീവിതം ഓൺലൈനായി. സിഗ്നൽ സ്ട്രെങ്ത് എവിടെയും സംസാര വിഷയമായി. ഫേസ്ബുക്, ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ അഥവാ ഫാഗ്മ (FAMGA) യുടെ ലോകത്താണ് ഇന്ന് നമ്മുടെ ജീവിതം. നാളെ ഇതിൽ കൂടുതൽ നാമങ്ങൾ ഈ ചുരുക്കെഴുത്തിൽ വന്നേക്കാം.

ഫാഗ്മ ലോകം കീഴടക്കാനുള്ള പണി തുടങ്ങിക്കഴിഞ്ഞു.പുതിയ ഓരോ ഏറ്റെടുക്കലുകൾ നടത്തിക്കൊണ്ട് അവർ മുന്നേറുകയാണ്. 2019 ൽ 31 കമ്പനികളാണ് അവർ സ്വന്തമാക്കിയത്. ഇക്കൊല്ലം അത് 35 ആയി. ആപ്പിളാണ് ഏറ്റെടുക്കലിൽ മുന്നിൽ.

11 കമ്പനികളെ അവർ വിഴുങ്ങി. ഫേസ്ബുക്കും മൈക്രോസോഫ്റ്റും 9 വീതം. ഗൂഗിൾ 5 എണ്ണം. ആമസോൺ ഒന്നും . ഇക്കൊല്ലം ഈ കമ്പനികൾ മറ്റു കമ്പനികൾ വാങ്ങാനായി മുടക്കിയത് 12.16 ബില്യൺ ഡോളർ. ചില്ലറ തുക വല്ലതുമാണോയിത്?. ഭാവി മുന്നിൽക്കണ്ടാണ് അവരുടെ നീക്കം. സാങ്കേതികതക്കൊപ്പം മാറാൻ തയ്യാറായിക്കൊള്ളൂ. അല്ലെങ്കിൽ ജീവിതം വഴിമുട്ടും.