ന്യൂഡെൽഹി: നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുളളയുടെ 11.86 കോടി വിലമതിക്കുന്ന സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിനെ തുടർന്നാണ് നടപടി.
കളളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം താല്കാലിക ജപ്തി ഉത്തരവ് പുറപ്പെടുവിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുവകകൾ കണ്ടുകെട്ടുകയായിരുന്നു.ഫാറൂഖ് അബ്ദുളളയുടെ ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. 60-70 കോടി രൂപ വിപണിമൂല്യമുളളവയാണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതി കേസിൽ ഫാറൂഖ് അബ്ദുല്ല ഉൾപ്പടെ മൂന്നുപേർക്കെതിരേ 2018-ൽ സിബിഐ. കുറ്റപത്രം സമർപ്പിച്ചിരുന്നു. 2002-11 കാലഘട്ടത്തിൽ 43.69 കോടി രൂപയുടെ തിരിമറി നടത്തിയതായാണ് കുറപ്പത്രം.