മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ മയക്കുമരുന്നു പാർട്ടി നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.
നിരവധി താരങ്ങൾ പങ്കെടുത്ത, ഈ പാർട്ടിയിലേതെന്ന് കരുതുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് കരണിന് നോട്ടീസ് അയച്ചതായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ശിരോമണി അകാലിദൾ നേതാവായ മഞ്ജിന്ദർ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കൊല്ലം സെപ്റ്റംബറിലാണ് സിർസ പരാതി നൽകിയത്.
എൻസിബിയുടെ മഹാരാഷ്ട്ര സോണൽ യൂണിറ്റിനാണ് പരാതി ലഭിച്ചിരിക്കുന്നതെന്നും പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചതെന്നും എൻസിബിഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അതേസമയം എന്നാണ് കരണിനെ ചോദ്യം ചെയ്യുക എന്ന കാര്യം എൻസിബി വെളിപ്പെടുത്തിയിട്ടില്ല.
ദീപിക പദുക്കോൺ, അർജുൻ കപൂർ, വിക്കി കൗശൽ, വരുൺ ധവാൻ, രൺബീർ കപൂർ, മലൈക അറോറ തുടങ്ങി പല പ്രമുഖ താരങ്ങളും അന്ന് കരണിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നു.