ചേർത്തല : അംഗീകാരമില്ലാത്ത കോഴ്സ് വിവരം മറച്ച് വച്ചതിന് വഞ്ചനാക്കുറ്റത്തിന് കെ.വി എം നഴ്സിംഗ് കോളേജ് മാനേജ്മെന്റിനെതിരെ മാരാരിക്കുളം പൊലീസ് കേസെടുത്തു. കോഴ്സിന് അംഗീകാരമില്ലാത്തത് മറച്ച് വച്ച് വിദ്യാർത്ഥികളോട് അന്യായമായ തുക വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ് എടുത്തതെന്ന് മാരാരിക്കുളം സി.ഐ പി.രാജേഷ് പറഞ്ഞു. അംഗീകാരം നഷ്ടപ്പെട്ടത് വീണ്ടെടുക്കാനായി കുട്ടികൾ പോലും അറിയാതെ കേസ് നടത്തി.
മാനേജ്മെന്‍റ് കേസ് നടത്തുന്നതിനിടെ 2019 പകുതിയോടെ വിദ്യാർത്ഥികളുടെ പഠനം പൂർണ്ണമായും മുടങ്ങി. 2018അധ്യായന വർഷത്തിൽ ബി എസ് സി നേഴ്സിംഗിന് 26 പേരിൽ നിന്ന് ഒരു വർഷം 2 ലക്ഷത്തിൽ 20,000 രൂപ ക്രമത്തിൽ വാങ്ങിയാണ് പ്രവേശനം നടത്തിയത്. അടച്ച ഫീസ് തിരിച്ച് നൽകണമെന്ന് കാട്ടി മാരാരിക്കുളം പൊലീസിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതി നൽകി.
പിന്നീട് മൂന്ന് ഘട്ടങ്ങിലായി ചർച്ച നടത്തിയിട്ടും പണം തിരികെ കൊടുക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. ഇതെ തുടർന്ന് വിദ്യാർത്ഥിനികൾ ഇന്ന് കേളേജിനുള്ളിൽ ആത്മഹത്യാശ്രമം നടത്തി. ഇതോടെയാണ് പൊലീസ് വീണ്ടും നടപടിയിലേയ്ക്ക് നീങ്ങിയത്.