കോഴിക്കോട് /മലപ്പുറം: മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിൽ അഞ്ച് ഇടങ്ങളിലും കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ. മലപ്പുറത്ത് രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 16 മുതൽ 22 വരെ സിആർപിസി സെക്ഷൻ 144 പ്രകാരം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കോഴിക്കോട് ജില്ലയിൽ അഞ്ച് ഇടങ്ങളിൽ രണ്ട് ദിവസം കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്പ്ര, വടകര സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.തിങ്കളാഴ്ച വൈകുന്നേരം ആറ് മുതൽ വ്യാഴാഴ്ച വൈകുന്നേരം ആറുവരെയാണ് നിരോധനാജ്ഞ. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. ആഹ്ലാദ പ്രകടനങ്ങൾക്കും നിയന്ത്രണമുണ്ട്. അതാത് വാർഡുകളിൽ മാത്രമേ പ്രകടനം നടത്താൻ പാടുള്ളൂ.
അതേസമയം മലപ്പുറത്ത് രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ വിവാഹം, മരണം എന്നീ ചടങ്ങുകൾ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങൾ മുതലായവ നിരോധിച്ചു.
രാത്രി എട്ടിനു ശേഷം ആരാധനാലയങ്ങൾ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാൻ പാടില്ല. തുറന്ന വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിൽ കൂടുതൽ ഉള്ള ഉച്ചഭാഷിണിയും സൈറ്റുകളും പകൽ സമയത്തും ഉപയോഗിക്കുവാൻ പാടില്ല. പകൽസമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുവാൻ പാടില്ല.
തുറന്ന വാഹനങ്ങൾ അനുവദനീയമായ ശബ്ദത്തിൽ കൂടുതൽ ഉള്ള ഉച്ചഭാഷിണി പകൽ സമയത്തും ഉപയോഗിക്കുവാൻ പാടില്ല.