വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍; വോട്ടെണ്ണല്‍ പുരോഗതി തത്സമയം അറിയാം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കും. കൗണ്ടിംഗ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിംഗ് ഏജന്റുമാർക്ക് മാത്രമാണ് കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കാൻ അനുമതി. സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷൻ ഏജന്റിനും ബ്ലോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാൾക്കും കൗണ്ടിംഗ് ഹാളിൽ പ്രവേശനം അനുവദിക്കും. കൗണ്ടിംഗ് ഓഫീസർമാർ കൈയുറയും മാസ്കും ഫേസ് ഷീൽഡും ധരിച്ചാണ് ഹാളിൽ പ്രവേശിക്കുക.

കൊറോണ ബാധിതർക്ക് വിതരണം ചെയ്ത സ്പെഷ്യൽ തപാൽവോട്ടുകൾ ഉൾപ്പെടെയുള്ള തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളിൽ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റൽ വോട്ടുകൾ അതത് വരണാധികാരികളാണ് എണ്ണുക.

ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപ്പഞ്ചായത്തുകൾക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാൾ ഉണ്ടാകും.

പോസ്റ്റൽ വോട്ടുകൾഎണ്ണുന്നത് റിട്ടേണിങ് ഓഫീസറുടെ ടേബിളിൽ ആയിരിക്കും. ഇവ എണ്ണി തീർന്നശേഷം ഇ.വിഎം
കൺട്രോൾ യൂണിറ്റുകൾ കൗണ്ടിംഗ് ടേബിളിൽ എത്തിക്കും. ബാലറ്റ് യൂണിറ്റുകൾ കൗണ്ടിംഗ് ടേബിളിൽ കൊണ്ടുവരില്ല.

വാർഡിലെ എല്ലാ വോട്ടിംഗ് മെഷീനുകളിലേയും വോട്ടെണ്ണൽ കഴിഞ്ഞശേഷം അന്തിമ ഫലം തയ്യാറാക്കും. റിസൾട്ട് ഷീറ്റ് ഏജന്റ്മാർ ഒപ്പിട്ട് നൽകണം. വിജയിച്ച സ്ഥാനാർത്ഥിക്ക് ഉടൻതന്നെ റിട്ടേണിംഗ് ഓഫീസർ തിരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ്’ നൽകും.

വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം സജ്ജമായി.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കിയ ട്രെന്‍ഡ് വെബ്‌സൈറ്റിലൂടെയാണ് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും വാര്‍ഡ് തലം വരെയുള്ള വിവരങ്ങള്‍ കമ്മീഷനും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭിക്കുക.

രാവിലെ എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന്‍റെ വിവരങ്ങള്‍ തത്സമയം വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതിന് എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥരാണ് ഡാറ്റാ അപ് ലോഡിംഗ് കേന്ദ്രത്തിന്‍റെ ചുതമല വഹിക്കുക. കെല്‍ട്രോണ്‍, ബിഎസ്എന്‍എല്‍, കെസ്വാന്‍ എന്നിവിടങ്ങളിലെ വിദഗ്ധരാണ് സാങ്കേതിക മേല്‍നോട്ടം നിര്‍വഹിക്കുന്നത്.

വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് പൊതുജനങ്ങള്‍ trend.kerala.gov.in എന്ന ലിങ്ക് സന്ദര്‍ശിക്കണം.