ന്യൂഡെല്‍ഹി: കൊറോണ വാക്‌സിൻ വിതരണത്തിന് പിന്നാലെ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാസിനേഷന് പിന്നാലെ ഉണ്ടാകുന്ന പ്രതികൂല സംഭവങ്ങൾ ഗൗരവമേറിയ വിഷയമാണ്. കുട്ടികളിലും ഗർഭിണികളിലും ചില പ്രതികൂല ഫലങ്ങൾക്ക് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊറോണ വാക്‌സിൻ വിതരണം തുടങ്ങിയ രാജ്യങ്ങളിൽ പ്രതികൂല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതികൂല സംഭവങ്ങൾ മുൻനിർത്തി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുന്നൊരുക്കങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
അതേസമയം, ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാൻ വേണ്ടി 10 കോടി ഡോസ് കൊറോണ വാക്‌സിൻ ഉത്പാദിപ്പിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനാവാല അറിയിച്ചു. ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്ര സേനക കമ്പനിയും ചേർന്ന് വികസിപ്പിച്ച കൊറോണ ഷീൽഡ് വാക്‌സിനാണ് ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്.