വിദ്യാർഥികളെ കൊള്ളയടിക്കാൻ കേരള സർവ്വകലാശാല; പ്രൈവറ്റ് പഠനം വിദൂര വിദ്യാഭ്യാസത്തിലൂടെ മാത്രം; യൂണിവേഴ്സിറ്റി ഫീ എട്ട് ഇരട്ടി കൂടും

തിരുവനന്തപുരം: ബിരുദ കോഴ്സിന് പ്രൈവറ്റ് സ്റ്റേഷൻ വഴി സമാന്തര പഠനം നിർത്തലാക്കി വിദൂരവിദ്യാഭ്യാസ രെജിസ്ട്രേഷൻ പഠനം മാത്രം നടപ്പാക്കുന്നത് സർവകലാശാലയുടെ വരുമാനം വർധിപ്പിക്കാനാണെന്ന് ആക്ഷേപം. പ്രൈവറ്റ് രെജിസ്ട്രേഷൻ മുഖേനയുള്ള സമാന്തര പഠനത്തിന് 1900 രൂപ ഫീസ്സുള്ളപ്പോൾ വിദൂരവിദ്യാഭ്യാസ പഠന രജിസ്ട്രേഷന് 15000രൂപയാണ് സർവകലാശാല ഈടാ ക്കുന്നത്. രജിസ്ട്രേഷൻ ഫീ ഇനത്തിൽ വൻ തുക നൽകാൻ കഴിയാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണുള്ളത്.

അതേസമയം എംജി, കാലിക്കറ്റ്,കണ്ണൂർ, സർവ്വകലാശാലകൾ പ്രൈവറ്റ് സ്റ്റേഷൻ വഴി ഡിഗ്രി, പിജി പഠന ത്തിനുള്ള നടപടികൾ ആരംഭിച്ചു. എന്നാൽ കേരള സർവകലാശാല വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള പഠനത്തിന് മാത്രമാണ് അനുവാദം നൽകിയിട്ടുള്ളത്. ഇത് സ്വാശ്രയ കോളേജുകളെ സഹായിക്കുവാനോ സർവകലാശാലയുടെ വരുമാനം വർധിപ്പിക്കാനോ വേണ്ടിയാണെന്ന ആക്ഷേപം ഇതിനകം ശക്തമായിക്കഴിഞ്ഞു.

പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയുള്ള പഠനത്തിന് യുജിസി യിൽ വ്യവസ്ഥയില്ലെന്ന വിചിത്ര വാദമാണ് പ്രൈവറ്റ് രെജിസ്ട്രേഷൻ നിർത്തുന്നതിന് സർവകലാശാലാ അധികൃതർ ഉന്നയിക്കുന്നത്. എന്നാൽ കേരള ഒഴികെയുള്ള മറ്റ് സർവ്വകലാശാലകൾ ഇത് തുടരുന്നുമുണ്ട്.

1975 മുതൽ കേരളത്തിലെ എല്ലാ സർവകലാശാലകളിലും തുടരുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ കേരളയിൽ മാത്രമായി നിർത്തലാക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും പാരലൽ കോളേജ് നടത്തിപ്പുകാരെയും ആശങ്കയിലാഴ്ത്തുന്നു.

വിദൂര വിദ്യാഭ്യാസ പഠനത്തിലൂടെയുള്ള രജിസ്‌ട്രെഷന് ഭീമമായ തുക കേരള സർവകലാശാല ഈടാക്കുന്നതല്ലാതെ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികളോ കോച്ചിങ്ങോ കൃത്യമായി ലഭിക്കുന്നില്ലെന്നതുകൊണ്ട് വിദ്യാർത്ഥികൾ പ്രൈവറ്റ് രെജിസ്ട്രേഷനിലൂടെ പാരലൽ കോളേജുകളിൽ പഠിച്ചാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. അച്ചടിച്ച പദ്യഭാഗങ്ങൾ പോലും വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് ഏതാനും ദിവസം മുൻപാണ് സർവകലാശാല അയച്ചുകൊടുക്കുന്നത്. സമ്പർക്ക ക്ലാസുകൾക്കും പഠന നോട്ടിനും കൂടിയാണ് ഭീമമായ ഫീസ് സർവകലാശാല ഈടാക്കുന്നത്.

കേരളത്തിലെ ഇതര സർവകലാശാലകളിലേ തുപോലെ കേരളയിലും പ്രൈവറ്റ് രെജിസ്ട്രേഷൻ വഴിയുള്ള പഠനത്തിന് അനുമതി നൽകണമെന്ന ആവശ്യ ശക്തമായിട്ടുണ്ട്. പാഠനസാമഗ്രഹികളും സമ്പർക്കക്ലാസ്സുകളും ആവശ്യമില്ലാത്ത വിദ്യാർഥികൾക്ക് പ്രൈവറ്റ് രെജിസ്ട്രേഷൻ ഫീ മാത്രം വാങ്ങി വിദൂരവിദ്യാഭ്യാസ കേന്ദ്രം വഴി രെജിസ്ട്രേഷൻ നൽകണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി , ചെയർമാൻ ആർ എസ് ശശികുമാർ,സെക്രട്ടറി
എം ഷാജർഖാൻ എന്നിവർ
വിദ്യാഭ്യാസമന്ത്രിയോടും കേരള സർവകലാശാല വൈസ് ചാൻസലറോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.