ന്യൂഡെല്‍ഹി: രാജ്യത്തെ 170ലേറെ ടോൾ പ്ലാസകൾ പിടിച്ചെടുത്ത് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കി കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ രണ്ടാംഘട്ട ‘ഡെല്‍ഹി ചലോ’ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. സമരം ശക്തമാകുന്നതോടെ രാജ്യതലസ്ഥാനം സ്തംഭിക്കും.
ഡെല്‍ഹിയിലേക്കുള്ള അവശേഷിക്കുന്ന പാതകള്‍ കൂടി അടച്ച് കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്‌സ്പ്രസ് പാതയും ഉപരോധിക്കാനുള്ള കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചു. ഹരിയാന, രാജസ്ഥാന്‍ ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ജയ്പ്പൂര്‍ ദേശീയ പാതയിലേക്കും ആഗ്ര ഏക്‌സ്പ്രസ് വേയിലേക്കും നീങ്ങി തുടങ്ങി.
പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പോലെ സമരസജ്ജീകരണങ്ങളുമായിട്ടാണ് ഇവരും എത്തുന്നത്. ജയ്പൂര്‍ ദേശീയപാത കടന്നുപോകുന്ന ഹരിയാനയിലെ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികള്‍ക്ക്പുറമെ ജയ്പൂര്‍-ആഗ്ര റോഡുകള്‍ കൂടി തടഞ്ഞാല്‍ റോഡ് മാര്‍ഗ്ഗം ഡെല്‍ഹിയിലേക്കുള്ള ചരക്കുനീക്കം പൂര്‍ണമായും നിലയ്ക്കും.
ഹരിയാനയിലും പഞ്ചാബിലും പശ്ചിമബംഗാളിലും കര്‍ഷകര്‍ ദേശീയപാതകളിലെ ടോള്‍പിരിവ് തടഞ്ഞു. തിങ്കളാഴ്ച സിംഗു അതിര്‍ത്തിയിലെ കര്‍ഷക നേതാക്കള്‍ നിരാഹാര സമരം നടത്തും. അതിനിടെ, കര്‍ഷക സംഘടനകളുടെ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.