കേരള സർവ്വകലാശാലാ ബിരുദപ്രവേശനത്തിൽ തിരിമറി ; എംജിയിൽ മന്ത്രി ജലീൽ സ്പെഷ്യൽ മോഡറേഷൻ നൽകിയവരുടെ ബിരുദം റദ്ദാക്കിയിട്ടും സർട്ടിഫിക്കറ്റുകൾ മടക്കിവാങ്ങിയില്ല

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബിരുദ പ്രവേശനത്തിലും സോഫ്റ്റ്‌വെയർ തകരാറിലൂടെ പ്രവേശനതിരിമറിയെന്ന് കണ്ടെത്തൽ. പ്രവേശനം ലഭിക്കേണ്ട ഉയർന്ന മാർക്കുള്ള കുട്ടികളുടെ ഹയർ ഓപ്ഷൻ വ്യാജ പാസ്‌വേഡ് ഉപയോഗിച്ചു മാറ്റിയാണ് തിരിമറി. സർക്കാർ- എയ്ഡഡ് കോളേജുകളിലാണ് ചില വിദ്യാർഥികൾ പ്രവേശനം തരപ്പെടുത്തിയത്.

നെയ്യാറ്റിൻകര താലൂക്കിലെ ഒരു സർക്കാർ കോളേജിലെയും ഒരു എയ്ഡഡ് കോളേജിലെയും ബിരുദ പ്രവേശനത്തിൽ നടന്ന തിരിമറിയാണ് ഇതിനകം പുറത്തുവന്നിട്ടുള്ളത്.

കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ തകരാറിന്റെ പേരിൽ തോറ്റവർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകിയതിന് പിന്നാലെ പ്രവേശനത്തിലും സോഫ്റ്റ്‌വെയറിൽ കൃത്രിമം നടത്തിയതായാണ് സർവകലാശാല പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

സർവകലാശാല പരീക്ഷാ വിഭാഗത്തിൽ വ്യാജ പാസ്‌വേഡ് ഉപയോഗിച്ച് മാർക്ക്‌ മോഡറേഷൻ നൽകി 24 പേർക്ക് ബിരുദ ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകിയിട്ട് രണ്ടു വർഷമായിട്ടും അവർക്ക് നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ സർവ്വകലാശാല ഇതേവരെ പിൻവലിച്ചിട്ടില്ല. അവർ ഈ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഉന്നത പഠനത്തിനും വിദേശ ജോലികൾക്കും ഉപയോഗിച്ചതായാണ് അറിയുന്നത്.

ഇത് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണവും മരവിച്ച മട്ടാണ്. ഇവരുടെ ബിരുദസർട്ടിഫിക്കറ്റുകൾ റദ്ദാക്കുന്നതിന് ഗവർണറുടെ അനുമതി ലഭിച്ചിട്ടില്ലെന്നതാണ് കേരള സർവ്വകലാശാലയുടെ വിശദീകരണം.

എംജി സർവകലാശാലയിൽ മന്ത്രി കെടി ജലീൽ 2019 ൽ നടത്തിയ അദാല ത്തിലൂടെ സ്പെഷ്യൽ മോഡറേഷൻ നൽകി വിജയിപ്പിച്ച 84 പേരുടെ ബി.ടെക് ഡിഗ്രി സർട്ടിഫിക്കറ്റുകളും ഇതേവരെ മടക്കിവാ ങ്ങിയിട്ടില്ല. കേരളയും, എം.ജിയും ക്രമവിരുദ്ധമായി നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ നടപടി കൈക്കൊള്ളണമെന്ന് പ്രതിപക്ഷനേതാവ് ഗവർണറോട് രണ്ട് തവണ ആവശ്യപ്പെട്ടിട്ടും ഗവർണറുടെ ഭാഗത്തുനിന്ന് മേൽ നടപടികൾ ഉണ്ടായിട്ടില്ല.

വ്യാജ മോഡറേഷനിലൂടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയവർക്കും ബിരുദപ്രവേശനം നേടിയ വർക്കും രാഷ്ട്രീയ പിൻബലമുള്ളതുകൊണ്ടാണ് ചട്ടവിരുദ്ധ നടപടികൾ പിൻവലിക്കുവാനും ഡിഗ്രി സർട്ടിഫിക്കറ്റുകൾ മടക്കിവങ്ങാനും സർവ കലാശാലകൾ മടിക്കുന്നതെന്ന് ആക്ഷേപമുണ്ട്.