ആലുവ: ചുണങ്ങംവേലി സെന്റ് ജോസഫ് സ്കൂളിന് സമീപം പെരിയാർ വാലി കനാൽ ശുചീകരണത്തിനിടെ പ്ളാസ്റ്റിക്ക് ചാക്കിൽ സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സ്ഥലത്തെത്തിയ എടത്തല പൊലീസും ബോംബ് – ഡോഗ് സ്ക്വാഡുകളും നടത്തിയ പരിശോധനയിൽ കാലപ്പഴക്കം ചെന്ന ഡെെന എന്നറിയപ്പെടുന്ന പടക്കമാണെന്ന് കണ്ടെത്തി.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് എടത്തല പൊലീസ് വിവരമറിഞ്ഞതെങ്കിലും ബുധനാഴ്ച്ച വൈകിട്ടാണ് തൊഴിലുറപ്പ് തൊഴിലാളികൾ ചാക്ക് കണ്ടെത്തിയത്. തുറന്ന് പരിശോധിച്ചപ്പോൾ ഐസ്ക്രീം ബോളുകൾക്കുള്ളിൽ എന്തോ നിറച്ചിട്ടുണ്ടെന്ന് ബോധ്യമായി. മാത്രമല്ല, പുറത്തേക്ക് തിരിയും ഉണ്ടായിരുന്നു. സ്ഫോടക വസ്തുവാണെന്ന് സംശയിച്ചെങ്കിലും കാര്യമാക്കാതെ വീടുകളിലേക്ക് മടങ്ങി.
വ്യാഴാഴ്ച്ച തിരഞ്ഞെടുപ്പായതിനാൽ ജോലിയുണ്ടായില്ല. ഇന്ന് ഉച്ചയോടെ ചാക്ക് കരയിലേക്ക് കയറ്റിയപ്പോൾ ചോർന്ന് ബോളുകൾ താഴെ വീണു. ബോംബ് ആണെന്ന സംശയം കൂടുതൽ തൊഴിലാളികൾ പങ്കുവച്ചതോടെ നാട്ടുകാർ മുഖേന എടത്തല പൊലീസിനെ അറിയിച്ചു. എസ്എച്ച്ഒ പിജെ നോബിളിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയ ശേഷം ബോംബ് സ്ക്വാഡിനെയും ഡോഗ് സ്ക്വാഡിനെയും വിളിച്ചുവരുത്തി പരിശോധിച്ചിക്കുകയായിരുന്നു.
ആകാശത്ത് വർണങ്ങൾ വിരിയിക്കുന്ന ഡൈന എന്നറിയപ്പെടുന്ന പടക്കമാണെന്നാണ് പൊലീസ് നിഗമനം. സിമന്റ് ചാക്കിലായി 49 ബോളുകളാണ് ഉണ്ടായിരുന്നത്. തടയിട്ടപറമ്പ് മേഖലയിലെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് പൊലീസ് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നിർവീര്യമാക്കി.
കനാലിൽ വെള്ളം വന്നിട്ട് ഒരു മാസത്തോളമായെന്നും അതിനാൽ നേരത്തെ വെള്ളം വന്നപ്പോൾ ആരെങ്കിലും ചാക്കിൽകെട്ടി ഒഴുക്കി വിട്ടതാകാമെന്നും പൊലീസ് സംശയിക്കുന്നു. അല്ലാത്ത പക്ഷം പടക്ക കച്ചവടക്കാരായ ആരെങ്കിലും കനാലിൽ ഉപേക്ഷിച്ചതാകാമെന്നും സിഐ പിജെ നോബിൾ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.