എണ്ണവില കുതിക്കുന്നു; വരും ദിവസങ്ങളിലും പെട്രോള്‍, ഡീസല്‍ വില കൂടാൻ സാധ്യത

ലണ്ടൻ: വിവിധ രാജ്യങ്ങൾ കൊറോണ പ്രതിരോധകുത്തിവെയ്പ്പുകൾക്ക് തുടങ്ങിയതോടെ ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിൽ അസംസ്കൃത എണ്ണവില വർധിച്ചു.

ബ്രന്റ് ക്രൂഡ് വില ബാരലിന് 35 സെന്റ് വർധിച്ച് 49.21 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില 45.74 ഡോളറിലുമെത്തി. തുടർച്ചയായി മൂന്നാമത്തെ ദിവസമാണ് അസംസ്കൃത എണ്ണയുടെ വിലകൂടുന്നത്.

യുഎസിലെ ഖനനം സംബന്ധിച്ച് പ്രതിവാര റിപ്പോർട്ട് പ്രകാരം ശേഖരത്തിൽ 15.2 ദശലക്ഷം ബാരലിന്റെ വർധനവുണ്ടായി. 14 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ.

ഏപ്രിലിലെ റെക്കോഡ് താഴ്ചയിൽനിന്ന് ഒപെകിന്റെ ഇടപെടലിലൂടെയാണ് ക്രൂഡ് വില ഘട്ടംഘട്ടമായി ഉയർന്നത്. നേരത്തെ ഉത്പാദനം വൻതോതിൽ കുറച്ച് ഡിമാന്റ് കൂട്ടാനുള്ള ശ്രമമുണ്ടായി. ഇപ്പോൾ വിതരണനിയന്ത്രണം ചെറിയതോതിൽ പിൻവലിച്ചിട്ടുണ്ട്.

ബ്രിട്ടനിലാണ് പ്രതിരോധ കുത്തിവെപ്പിന് തുടക്കമിട്ടത്. ഈയാഴ്ച അവസാനത്തോടെ യുഎസിലും കൊറോണ വാക്സിൻ വിതരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ റെക്കോഡ് നിലവാരത്തിനടുത്താണ് പെട്രോളിന്റെയും ഡീസലിന്റെയും വില. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്നതോടെ റീട്ടെയിൽ വിലയിൽ വർധന തുടർന്നും ഉണ്ടാകും.