കൊക്കേയ്നുമായി മേക്കപ്പ്മാൻ പിടിയിൽ; മുംബൈയിൽ എൻസിബിയുടെ ലഹരിമരുന്ന് വേട്ട തുടരുന്നു

മുംബൈ: മുംബൈ നഗരത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)യുടെ ലഹരിമരുന്ന് വേട്ട തുടരുന്നു. ബോളിവുഡിലെ പ്രമുഖ മേക്കപ്പ്മാനായ സുരാജ് ഗോദാംബെയെ കൊക്കേയ്നുമായി എൻസിബി ഇന്ന് പിടികൂടി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിന് പിന്നാലെയാണ് പ്രമുഖ സിനിമ നിർമാണ കമ്പനിയിലെ മേക്കപ്പ് വിഭാഗം തലവനായ സുരാജ് അറസ്റ്റിലായത്.

3 ഇഡിയറ്റ്സ്, ഫിയർലെസ്സ്, തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചയാളാണ് സുരാജ് ഗോദാംബെ. ഇയാളിൽനിന്ന് 11 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്.

മുംബൈയിലെ ഏറ്റവും വലിയ ലഹരിമരുന്ന് വിതരണക്കാരിലൊരാളായ റീഗെൽ മഹാക്കലിനെ എൻസിബി കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട അസം ഷെയ്ഖ് ജുമാനെയും അറസ്റ്റ് ചെയ്തു. അന്ധേരിയിലെ ഇവരുടെ താമസസ്ഥലത്തുനിന്ന് മൂന്ന് കോടിയോളം രൂപയുടെ ലഹരിമരുന്നാണ് എൻസിബി പിടിച്ചെടുത്തത്.

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് എൻസിബി ലഹരിമാഫിയകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ബോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ലഹരിമരുന്ന് വിതരണത്തെക്കുറിച്ചും അന്വേഷണത്തിൽ വിവരങ്ങൾ ലഭിച്ചു.

തുടർന്ന് വിവിധ സിനിമ താരങ്ങളെയും സിനിമ പ്രവർത്തകരെയും എൻസിബി ചോദ്യംചെയ്തു. ഇവരിൽനിന്നാണ് മുംബൈയിലെ ലഹരിമരുന്ന് വിതരണക്കാരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.