കർഷകരിൽ നിന്ന് നേരിട്ട് ധാന്യവിളകൾ വാങ്ങാറില്ല; വില നിശ്ചയിക്കാറില്ല: ന്യായീകരണവുമായി അദാനി ഗ്രൂപ്പ്

ന്യൂഡെൽഹി: കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരേ രാജ്യത്ത് കർഷക പ്രക്ഷോഭം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. കർഷകരിൽ നിന്ന് നേരിട്ട് ധാന്യവിളകൾ വാങ്ങാറില്ലെന്നും ധാന്യവിളകൾക്ക് വില നിശ്ചയിക്കാറില്ലെന്നും അദാനി ഗ്രൂപ്പ് . പൊതുവിതരണ സംവിധാനത്തിന് വേണ്ടി ധാന്യവിളകൾ ശേഖരിക്കുന്നതും അതിന്റെ നീക്കുപോക്കുകളും നിയന്ത്രിക്കുന്നത് തങ്ങളാണെന്ന് എഫ്സിഐയും പറയുന്നു.

കേന്ദ്രം കർഷക നിയമങ്ങൾ കൊണ്ടുവന്നത് അംബാനി, അദാനി ഗ്രൂപ്പുകൾക്ക് വേണ്ടിയാണെന്ന ആരോപണം കർഷകർ ഉയർത്തുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അദാനി ഗ്രൂപ്പ് എത്തിയത്. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ(എഫ്സിഐ)ക്ക് വേണ്ടി ധാന്യവിളകൾ സംഭരിക്കുന്നതിനുളള സഹായമാണ് ചെയ്യുന്നത്. സംഭരണശാലകൾ വിപുലീകരിക്കുകയും പ്രവർത്തിപ്പിക്കുകയുമാണ് ചെയ്യുന്നത്. എത്രത്തോളം ധാന്യവിളകൾ സംഭരിക്കണം, എന്ത് വില ഈടാക്കണം എന്ന് തീരുമാനിക്കുന്നത് തങ്ങളല്ല. എഫ്സിഐയ്ക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കുകയാണ് അദാനി ഗ്രൂപ്പ് ചെയ്യുന്നത്.

‘എഫ്സിഐ കർഷകരിൽ നിന്ന് ധാന്യവിളകൾ വാങ്ങുകയും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന സംഭരണശാലകളിൽ സംഭരിക്കുകയും ചെയ്യുന്നു. സ്വകാര്യ സംഭരണശാലകൾക്ക് ധാന്യവിളകൾ സംഭരിക്കുന്നതിനും കെട്ടിടത്തിനും എഫ്സിഐ പണം നൽകുന്നു. എന്നാൽ ധാന്യവിളകളുടെ വിപണന-വിതരണ അവകാശങ്ങൾ എഫ്സിഐയുടേതാണ്.’-അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നു. ധാന്യവിളകൾ പൂഴ്ത്തിവെക്കുന്നതിനും പിന്നീട് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനുമായി അദാനി ഗ്രൂപ്പ് സംഭരണശാലകൾ നിർമിക്കുന്നതായി നിരവധി കർഷക സംഘടനകൾ കുറ്റപ്പെടുത്തിയിരുന്നു.

‘കർഷകരിൽ നിന്ന് സംഭരിച്ച ധാന്യവിളകളുടെ ഉടമസ്ഥത ഞങ്ങൾക്കല്ല. അതിന് വിലയിടുന്നതുമായും ഞങ്ങൾക്ക് യാതൊരുബന്ധവുമില്ല.’ അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു.