ബംഗളൂരു: അഞ്ജു ബോബി ജോർജ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‌ലറ്റുകളിൽ ഒരാൾ. ഇപ്പോൾ വളരെയേറെ ചർച്ചയായേക്കാവുന്ന ഒരു കാര്യം പുറത്തുവിട്ടിരിക്കുകയാണ് അഞ്ജു. തനിക്ക് ഒരു വൃക്ക മാത്രമാണുള്ളതെന്നാണ് അഞ്ജു വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു കായിക പ്രേമികളെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തൽ.
”വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിലെ ഉന്നതിയിലെത്തിയ താരങ്ങളിൽ ഒരാളാണ് ഞാൻ.മറ്റുപല ശാരീരിക പ്രശ്നങ്ങളും തന്നെ വേട്ടയാടിയിരുന്നു.വേദന സംഹാരികൾ അലർജിയായിരുന്നു. കാലിനും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഓരോ നേട്ടങ്ങളും സ്വന്തമാക്കിയത്. ഇതിനെ പരിശീലകന്റെ മാജിക്ക് എന്നോ പ്രതിഭയെന്നോ നമുക്ക് വിളിക്കാം.” അഞ്ജു കുറിച്ചിട്ടു.
കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജു,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ,അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവരെയൊക്കെ ടാഗ് ചെയ്തായിരുന്നു അഞ്ജുവിന്റെ തുറന്നെഴുത്ത്. യുവതാരങ്ങളെ പ്രചോദിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അഞ്ജുവിന്റെ തുറന്നുപറച്ചിൽ. ഇത്രയും പ്രതിസന്ധികളെ മറികടന്ന് രാജ്യത്തിന്റെ അഭിമാനമായി മാറാൻ അഞ്ജുവിന് സാധിച്ചിട്ടുണ്ടെങ്കിൽ അത് നിരവധി യുവതാരങ്ങൾക്ക് പ്രചോദനമാവുമെന്ന കാര്യം ഉറപ്പാണ്.
താരത്തിന്റെ ട്വീറ്റ് ഇതിനോടകം ചർച്ചയായി കഴിഞ്ഞു.ലോങ് ജംപിലും ട്രിപ്പിൽ ജംപിലും മത്സരിച്ചിരുന്ന അഞ്ജു ലോക ചാംപ്യൻഷിപ്പിലുൾപ്പെടെ ഇന്ത്യക്ക് മെഡൽ നേടികൊടുത്തു. 2003ൽ പാരിസിൽ നടന്ന ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിലെ ലോങ് ജംപിൽ അഞ്ജു ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. വേൾഡ് അത്ലറ്റിക് ഫൈനലിൽ സ്വർണ്ണം, ഏഷ്യൻ ഗെയിംസിൽ 2002ൽ സ്വർണ്ണം 2006ൽ വെള്ളി എന്നിങ്ങനെ നിരവധി നേട്ടങ്ങൾ താരത്തെ തേടിയെത്തി.