മുൻകൂട്ടി അറിയിക്കാതെ കേരള സർവ്വകലാശാല ബിരുദ പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തി; വിദ്യാർഥികൾ പെരുവഴിയിൽ

തിരുവനന്തപുരം: മുൻകൂട്ടി അറിയിക്കാതെ കേരള സർവ്വകലാശാല ബിരുദ പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തിയതോടെ
വിദ്യാർഥികൾ പെരുവഴിയിലായി. ബിരുദ കോഴ്സിന് പ്രൈവറ്റ് സ്റ്റേഷൻ വഴി സമാന്തര പഠനത്തിന് കേരള സർവകലാശാല വിജ്ഞാപനം പുറപ്പെടുവിക്കാൻ തയ്യാറാകാത്തതാണ് വിദ്യാർഥികൾ പെരുവഴിയിലാക്കിയത്. എംജി, കാലിക്കറ്റ്,കണ്ണൂർ, സർവ്വകലാശാലകൾ പ്രൈവറ്റ് സ്റ്റേഷൻ വഴി ഡിഗ്രി, പിജി പഠന ത്തിനുള്ള നടപടികൾ ആരംഭിച്ചിട്ടും കേരള സർവകലാശാല ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണ്.

കേരള സർവകലാശാല വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള പഠനത്തിന് മാത്രമേ അനുവാദം നൽകിയിട്ടുള്ളൂ. ഇത് സ്വാശ്രയ കോളേജുകളെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമായിക്കഴിഞ്ഞു. മുൻവർഷങ്ങളിലേതു പോലെ പ്രൈവറ്റ് പഠനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള നിർദ്ദേശം സർവകലാശാല ഓഫീസ് മുന്നോട്ടുവച്ചുവെങ്കിലും വൈസ് ചാൻസലറും ചില സിൻഡിക്കേറ്റ് അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചതായി സർവകലാശാല ഉദ്യോഗസ്ഥർ പറയുന്നു.

പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയുള്ള പഠനത്തിന് യുജിസി യിൽ വ്യവസ്ഥയില്ലെന്ന മറുവാദമാണ് സർവകലാശാലാ അധികൃതർ ഉന്നയിക്കുന്നത്. 1975 മുതൽ കേരളത്തിലെ എല്ലാ സർവകലാശാലകളിലും തുടരുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ കേരള മാത്രമായി നിർത്തലാക്കുന്നത് മുൻകൂട്ടിയറിക്കാതെയാണ്. ഇത് അറിയിക്കാനുള്ള ഉത്തരവാദിത്തം സർവ്വകലാശാലയ്ക്ക് ഉണ്ടായിരുന്നുവെന്ന് വിദ്യാർത്ഥികളും പാരലൽ കോളേജ് നടത്തിപ്പുകാരും പരാതിപ്പെടുന്നു .

വിദൂര വിദ്യാഭ്യാസ പഠനത്തിലൂടെയുള്ള രജിസ്ട്രെഷന് ഭീമമായ തുക കേരള സർവകലാശാല ഈടാക്കുന്നതല്ലാതെ വിദ്യാർത്ഥികൾക്ക് പഠനസാമഗ്രികളോ കോച്ചിങ്ങോ കൃത്യമായി ലഭിക്കുന്നില്ലെന്നതു കൊണ്ട് വിദ്യാർത്ഥികൾ പ്രൈവറ്റ് രെജിസ്ട്രേഷനിലൂടെ പാരലൽ കോളേജുകളിൽ പഠിച്ചാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്.

കേരളത്തിലെ ഇതര സർവകലാശാലകളിലേ തുപോലെ കേരളയിലും പ്രൈവറ്റ് രെജിസ്ട്രേഷൻ വഴിയുള്ള പഠനത്തിന് അനുമതി തുടരാൻ നടപടി കൈക്കൊള്ളണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി എം ഷാജർഖാൻ എന്നിവർ വിദ്യാഭ്യാസമന്ത്രിയോടും കേരള സർവകലാശാല വൈസ് ചാൻസലറോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.