100 രൂപ കൊടുത്താല്‍ സമരത്തിനെത്തും; ബില്‍കിസ് ബാനോവിനെ അപമാനിച്ച കങ്കണയ്ക്ക് നിയമക്കുരുക്ക്

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തിന് വീണ്ടും നിയമക്കുരുക്ക്. ഇത്തവണ കര്‍ഷക സമരത്തെ പിന്തുണച്ച ബില്‍കിസ് ബാനോവിനെ അപമാനിച്ചതിനാണ് നോട്ടീസ്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. പിന്നീട് ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

പഞ്ചാബിലെ അഭിഭാഷകന്‍ ഹര്‍കം സിങ് ആണ് കങ്കണക്ക് ലീഗല്‍ നോട്ടീസ് അയച്ചത്. സോഷ്യല്‍ മീഡിയയില്‍ എന്ത് അഭിപ്രായം പറഞ്ഞാലും അത് ആധികാരികമായിരിക്കണം എന്ന് ഓര്‍മപ്പെടുത്താനാണ് നോട്ടീസ് അയച്ചതെന്ന് ഹര്‍കം സിങ് പറഞ്ഞു. കര്‍ഷക സമരം പോലൊരു പ്രക്ഷോഭം ആളുകളെ വാടകയ്ക്ക് എടുത്താണ് നടത്തുന്നതെന്ന് ഒരു സെലിബ്രിറ്റി പറയുന്നത് അംഗീകരിക്കാനാവില്ല.

കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും ഹര്‍കം സിങ് വ്യക്തമാക്കി.
ബില്‍കിസ് ബാനോവിനെതിരെ വിദ്വേഷ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നിറയുകയുണ്ടായി. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സമീപിച്ചാല്‍ ഇത്തരം സമരങ്ങള്‍ക്ക് ദാദിയെ ലഭിക്കുന്നതാണെന്നും ഒരു ദിവസത്തെ കൂലിയും വസ്ത്രവും ഭക്ഷണവും അവാര്‍ഡും നല്‍കുകയാണെങ്കില്‍ ദാദി സമരത്തിന് വരുമെന്നുമൊക്കെയാണ് വ്യാജ പ്രചരണവും അധിക്ഷേപവും.

സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളാണ് ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഡല്‍ഹി അതിര്‍ത്തിയിലെത്തിയ ബില്‍കിസ് ബാനോവിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു- ‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. അവര്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം’- ഇങ്ങനെ പറഞ്ഞാണ് 82 വയസ്സുകാരിയായ ബില്‍കിസ് ബാനോ സമരത്തിനെത്തിയത്.