പല്ലു കൊഴിഞ്ഞ സിംഹമായി നിംബസ്; പ്രൊഫൈൽ അപ്ഡേറ്റ് ചെയ്തു; ‘ചത്തിട്ടില്ലല്ലേ’ എന്ന് സൈബർ ലോകം

ബെംഗ്ലൂരൂ: ചാറ്റിംഗ് സംസ്കാരത്തിൻ്റെ തുടക്കം നിംബസിലായിരുന്നു. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പായി തുടങ്ങിയ നിംബസിലാണ് പലരും ചാറ്റ് ചെയ്തിരുന്നത്. സിംബിയൻ ഫോണുകളിൽ നിന്ന് ആൻഡ്രോയിഡിൽ എത്തിനിൽക്കുന്ന നിംബസ് വാട്സപ്പ് അടക്കമുള്ള ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പുകളുടെ കുത്തൊഴുക്കിൽ പെട്ട് ഇപ്പോൾ അവസാന ശ്വാസം വലിക്കുകയാണ്.

വോയിസ് ഓവർ ഐപി കോൾ സൗകര്യങ്ങളൊക്കെ നൽകിയിട്ടും പല്ലു കൊഴിഞ്ഞ സിംഹമായി നിംബസ് മാറി. ഇപ്പോൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലെ പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്ത നിംബസ് വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.

‘ചത്തിട്ടില്ലല്ലേ’ എന്ന് പലരും ചോദിക്കുന്നുണ്ട്. മലയാളികൾ അടക്കമുള്ളവർ ചിത്രത്തിൻ്റെ കമൻ്റ് ബോക്സിൽ ട്രോളുകളുമായി എത്തിയിട്ടുണ്ട്. ഒപ്പം, പഴയ കാലം ഓർമ്മിച്ച് ഗൃഹാതുരത അയവിറക്കുന്നവരും ഉണ്ട്.

2008ൽ ലോഞ്ച് ചെയ്ത നിംബസ് സിംബിയൻ, ജാവ ഫോണുകളിലൂടെയാണ് മാർക്കറ്റ് പിടിച്ചത്. ഇന്ത്യയിൽ ഉൾപ്പെടെ വളരെ വേഗത്തിൽ നിംബസ് വളർന്നു. ഇന്ത്യയിൽ നിംബസ് ഓഫീസുകളും സ്ഥാപിച്ചു. എന്നാൽ, ആൻഡ്രോയ്ഡിൻ്റെ വരവോടെ ഒട്ടേറെ ഉപഭോക്താക്കളെ നിംബസിനു നഷ്ടമായി.

20 മാസം മുൻപാണ് നിംബസ് ആൻഡ്രോയ്ഡ് വേർഷൻ്റെ അവസാന അപ്ഡേറ്റ് വന്നത്. ഐഒഎസിലെ അവസാന അപ്ഡേറ്റ് രണ്ട് വർഷം മുൻപായിരുന്നു. എങ്കിലും ഇന്ത്യ ഇപ്പോഴും പൂർണ്ണമായി നിംബസിനെ കൈവിട്ടിട്ടില്ല. ഇപ്പോഴുള്ള ആപ്പിൻ്റെ 25 ശതമാനം ഉപഭോക്താക്കളും ഇന്ത്യയിലാണ്.