കശുവണ്ടി കോർപ്പറേഷൻ അഴിമതി; കുറ്റപത്രം നൽകാൻ ഉത്തരവ് തേടി സിബിഐ ഹൈക്കോടതിയിൽ

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കുറ്റപത്രം നൽകാൻ ഉത്തരവ് തേടി സിബിഐ ഹൈക്കോടതിയിൽ

തിരുവനന്തപുരം : കശുവണ്ടി കോർപ്പറേഷൻ അഴിമതിയിൽ കുറ്റപത്രം നൽകാൻ ഉത്തരവുണ്ടാകണമെന്ന് സിബിഐ ഹൈക്കോടതിയിൽ. സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പ്രകാരം കുറ്റപത്രം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് സിബിഐ അറിയിച്ചു. ഐഎൻടിയുസി നേതാവ് ആർ ചന്ദരശേഖരനും കെഎ രതീഷിനുമെതിരേയാണ് കുറ്റപത്രം.

സുപ്രീം കോടതിയുടെ മുൻ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണമാണ് ഇത്. ആ അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല എന്നതാണ് സിബിഐ നിലപാട്. സിബിഐ പ്രോസിക്യൂഷൻ അനുമതി തേടി സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിബിഐയെ കോടതിയെ സമീപിച്ചത്.

ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും കശുവണ്ടി കോർപ്പറേഷൻ മുൻ എംഡിയുമായ കെ എ രതീഷിനുമെതിരേയുള്ള കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള അനുമതിയാണ് സംസ്ഥാന സർക്കാർ നിഷേധിച്ചത്. തുടർന്നാണ് കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം സിബിഐക്കുണ്ടായത്.

ഇതേത്തുടർന്ന് കേസിലെ ഹർജിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയിലെത്തി സംസ്ഥാന സർക്കാരിന്റെ നിലപാട് ചോദ്യം ചെയ്തു. ഇതിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.

എന്നാൽ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കേസിൽ ഹാജരാകാൻ ഉണ്ടെന്നും കൊറോണ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് ഹാജരാകാൻ തടസ്സമുണ്ടെന്നും സംസ്ഥാന സർക്കാർ അറിയിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ചത്തേക്ക് കേസ് മാറ്റി വെച്ചു.