കൊച്ചി: പള്ളി തർക്ക വിഷയത്തിൽ യാക്കോബായ സഭ വീണ്ടും സമരവുമായി മുന്നോട്ട്. ഓർത്തഡോക്സ് വിഭാഗവുമായി ഇനി ചർച്ചയ്ക്കില്ലെന്നെന്നും യോജിപ്പ് എന്നത് അടഞ്ഞ അധ്യായമാണെന്നും യാക്കോബായ സഭ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പള്ളിത്തർക്കം സംബന്ധിച്ച സമവായ ചർച്ചകളിൽ നിന്ന് പിന്മാറാൻ നേരത്തെ ഓർത്തഡോക്സ് സഭ തീരുമാനിച്ചിരുന്നു. ഇതിന് കാരണം യാക്കോബായ വിഭാഗത്തിന്റെ നിലപാടുകളാണെന്ന് ഓർത്തഡോക്സ് വിഭാഗം ആരോപിച്ചിരുന്നു. സമവായ ചർച്ചകൾ തുടരുന്നതിനിടെയാണ് യാക്കോബായ സഭ നിലപാട് അറിയിച്ചത്.
ഓർത്തഡോക്സ് സഭയ്ക്ക് കൈമാറിയ 52 പള്ളികൾക്ക് മുന്നിൽ ഞായറാഴ്ച മുതൽ റിലേ സത്യാഗ്രഹ സമരം നടത്തും. മുഖ്യമന്ത്രിയുമായി നടന്ന ചർച്ചകളെ തുടർന്ന് നിർത്തി വച്ച സമരങ്ങൾ പുനരാരംഭിക്കുമെന്നും സഭ അറിയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാരും യാക്കോബായ വിഭാഗവും നടത്തുന്നതെന്നും ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു.
സഭാ തര്‍ക്കം പരിഹരിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം പിൻമാറിയത് നിര്‍ഭാഗ്യകരമെന്ന് യാക്കോബായ സഭ നേരത്തെ പ്രതികരിച്ചിരുന്നു. മുമ്പ് നടത്തിയ ചർച്ചകളുടെ സംക്ഷിപ്തമാണ് സർക്കാർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് നല്‍കിയ ഉറപ്പിനെ തള്ളിപ്പറയുകയാണ് ഓർത്തഡോക്സ് സഭ ചെയ്തിരിക്കുന്നതെന്നും യാക്കോബായ സഭ പറഞ്ഞു.