കൊച്ചി: വേണാട് എക്സ്പ്രസിന് 29 കി.മീ. ഓടാന്‍ 85 മിനിറ്റ് അനുവദിച്ച് റെയില്‍വേ ഇറക്കിയ പുതിയ സമയക്രമം കണ്ട് കണ്ണുതള്ളി യാത്രക്കാര്‍. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന വേണാട് എക്സ്പ്രസിന്റെ വൈകിയോട്ടം കുറെക്കൂടി ദീർഘിപ്പിക്കുമന്ന് ഉറപ്പാക്കിയാണ് പുതിയ സമയക്രമം.
എല്ലാ ദിവസവും ഉച്ചയ്ക്ക് 3.50ന് അങ്കമാലിയില്‍ എത്തുന്ന വേണാട് അവിടെനിന്ന് വെറും ഒൻമ്പത് കി.മീ. മാത്രം ദൂരമുള്ള ആലുവയില്‍ എത്തുന്നതിന് നിശ്ചയിക്കുന്ന സമയം അരമണിക്കൂര്‍ എടുത്ത് 4.20നാണ്.
വേണാടിന് അങ്കമാലിക്കും എറണാകുളത്തിനും ഇടയിലെ ഏതെങ്കിലും സ്റ്റേഷനില്‍ പിടിച്ചിട്ട് പിന്നാലെ വരുന്ന മൂന്ന് ദീര്‍ഘദൂര ട്രെയിനുകളെ കയറ്റിവിടാനാണ് പുതിയ സമയക്രമമെന്ന് റെയില്‍വേ യാത്രക്കാരുടെ സംഘടനയായ ഫ്രന്‍ഡ്സ് ഓണ്‍ വീല്‍സ് പറഞ്ഞു.
ആലുവയില്‍നിന്ന് 20 കി.മീ. മാത്രമുള്ള എറണാകുളം ജങ്ഷനില്‍ എത്താന്‍ വേണാടിന് 55 മിനിറ്റാണ് കൊടുക്കുന്നത്. അതായത് 5.15. എറണാകുളം ജങ്ഷനില്‍ എത്തി എന്ജിന് മാറ്റാന്‍ എടുക്കുന്ന സമയം വേറെ. കേരള എക്സ്പ്രസ്, ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി, കോഴിക്കോട് ജനശതാബ്ദി തുടങ്ങിയവക്ക് മുമ്പ് തൃശൂര്‍ സ്റ്റേഷന് വിടുന്ന വേണാട് ഇവയെല്ലാം എറണാകുളത്ത് എത്തിയശേഷമാണ് എത്തൂ. വീക്കിലി ട്രെയിനിനുവേണ്ടി പിടിക്കുന്നത് ഇതിനും പുറമെ.
ഷൊര്‍ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍നിന്ന് പുറപ്പെടുന്ന സമയത്തില്‍ ഒരുമാറ്റവും വരുത്താതെ വഴി നീളെ ട്രെയിന്‍ പിടിച്ചിടുന്നതുകൊണ്ട് യാത്രക്കാര്‍ ദുരിതത്തിലാകും. രാത്രി 30 മിനിട്ട് വൈകി 10.35നാണ് പുതിയ ടൈംടേബിള്‍ അനുസരിച്ച് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തുന്നത്. ആകെ നോക്കിയാല്‍ 327 കി.മീ. ഓടാന്‍ ട്രെയിന്‍ എട്ട് മണിക്കൂര്‍ വേണം.
ഷൊര്‍ണൂരില്‍നിന്ന് വേണാട് പുറപ്പെടുന്നത് 2.30 എന്നതില്‍നിന്ന് മൂന്നുമണിയാക്കിയാല് തൃശൂരില്‍നിന്നുള്ള ഒരുപാട് ദൈനംദിന യാത്രക്കാര്‍ക്ക് ഉപകാരപ്പെടുമെന്നും ഫ്രന്‍ഡ്സ് ഓണ്‍ വീല്‍സ് ഭാരവാഹികള്‍ പറഞ്ഞു.