ബ്യൂണോസ് എയേഴ്സ്: ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഭൗതികശരീരം സംസ്‌കരിക്കുക അർജന്റീന പ്രസിഡണ്ടിന്റെ ഔദ്യോഗിക ഓഫീസ് സ്ഥിതി ചെയ്യുന്ന കാസ റൊസാദയുടെ പരിസരത്ത്. 1986-ൽ ലോകകപ്പ് നേടിയ അർജന്റീനയിൽ തിരിച്ചെത്തിയ മറഡോണയും ടീമംഗങ്ങളും ജനങ്ങളെ അഭിവാദ്യം ചെയ്തത് കാസ റൊസാദയുടെ ബാൽക്കണിയിൽ വെച്ചായിരുന്നു.
മുൻ പ്രസിഡണ്ടുമാരും പ്രമുഖ വ്യക്തിത്വങ്ങളുമടക്കം നിരവധി പേരുടെ മൃതശരീരങ്ങൾ പൊതുദർശനത്തിനു വെച്ച കാസ റൊസാദയിലാവും മറഡോണക്ക് യാത്രാമൊഴി നൽകാൻ അർജന്റീനക്കാർക്ക് അവസരമൊരുക്കുകയെന്ന് പ്രസിഡണ്ട് അൽബർട്ടോ ഫെർണാണ്ടസ് വ്യക്തമാക്കി. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച തലയില്‍ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം മറഡോണ ആശുപത്രിയില്‍
ബുധനാഴ്ച വെകുന്നേരം ആറു മണിക്കാണ് സാൻ ഫെർണാണ്ടോയിലെ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ചൊവ്വാഴ്ച രാത്രി ഉറക്കത്തിലാണ് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാത്രി 11 ന് ബന്ധുവാണ് മറഡോണയെ അവസാനമായി കണ്ടത്.
ബുധനാഴ്ച രാവിലെ 11.30 ഓടെയും ഉണരാതിരുന്നതോടെയാണ് ബന്ധുക്കൾ ആശുപത്രിയുമായി ബന്ധപ്പെട്ടത്. കൃത്രിമ ശ്വാസം നൽകി മറഡോണയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വൈകിപ്പോയിരുന്നു.
സർക്കാർ സംവിധാനത്തിൽ മറഡോണക്ക് അന്ത്യവിശ്രമത്തിന് ഇടമൊരുക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ചുവെന്നും കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് അന്തിമോപചാരമർപ്പിക്കാൻ അർജന്റീനക്കാർക്ക് അവസരമൊരുക്കിയതായും പ്രസിഡണ്ട് വ്യക്തമാക്കി.
‘സഹിക്കാനാവാത്ത വാർത്തയാണിത്. അർജന്റീന എന്ന സ്വത്വം മറ്റാരേക്കാളും ഉണ്ടായിരുന്നയാളാണ് മറഡോണ. ലോകത്ത് എവിടെ പോയാലും അർജന്റീനക്കാരനാണെന്നു പറഞ്ഞാൽ ആളുകൾ നമ്മെ തിരിച്ചറിയുക മറഡോണയുടെ നാട്ടുകാർ എന്ന നിലയിലാണ്. ‘
‘അർജന്റീനയുടെ പര്യായം ആയി മാറിക്കഴിഞ്ഞിരുന്നു മറഡോണ. മറഡോണയുടെ മുൻ ഭാര്യ, ദൽമ, ഗിയാനിന എന്നീ മക്കളുടെ അമ്മയുമായ ക്ലോഡിയയുമായി സംസാരിച്ചു. കുടുംബത്തിന് ആവശ്യമായതെല്ലാം ചെയ്തു കൊടുക്കാൻ ഞാൻ സന്നദ്ധനാണ്.’ -പ്രസിഡണ്ട് ആൽബർട്ട് ഫെർണാണ്ടസ് പറഞ്ഞു