അവസരങ്ങളെല്ലാം നഷ്ടപ്പെടുത്തി; നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില

പനജി: അവസരങ്ങളെല്ലാം തല്ലി തകർത്തു. നോര്‍‌ത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. പടിക്കൽ കലം ഉടയ്ക്കുന്ന ‘പഴയ’ ബ്ലാസ്റ്റേഴ്സിനെയാണ് നോർത്ത് ഈസ്റ്റിനെതിരായ മത്സരത്തിലെ രണ്ടാം പകുതിയിൽ കണ്ടത്.

ആദ്യ പകുതിയില്‍ രണ്ടു ഗോളുകൾ‌ വഴങ്ങിയ നോർത്ത് ഈസ്റ്റ് രണ്ടാം പകുതിയിൽ രണ്ടെണ്ണം തിരിച്ചടിച്ച് കണക്കുതീര്‍ക്കുകയായിരുന്നു.
90–ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന് അപ്രതീക്ഷിതമായി രണ്ടാം പ്രഹരമേറ്റത്. നോർത്ത് ഈസ്റ്റ് താരം ഗുർജീന്തറിന്റെ പാസ് ചെന്നു പതിച്ചത് ഇഡ്രിസ സില്ലയുടെ നെഞ്ചത്ത്. ബോക്സിന് സമീപത്തുനിന്നും ബ്ലാസ്റ്റേഴ്സ് പോസ്റ്റിന്റെ മൂലയിലേക്ക് സില്ല പന്തുയർത്തി. ബ്ലാസ്റ്റേഴ്സ് ഗോളി ആൽബിനോയുടെ സാധ്യതകൾ അടച്ച് വലയിൽ. 2–2 ഇതോടെ മത്സരം സമനിലയിൽ.

ക്യാപ്റ്റൻ സെർജിയോ സി‍ഡോഞ്ച (5), ഗാരി ഹൂപ്പർ (46) എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടി. മറുപടിയിൽ ക്വസി അപിയ (51), ഇഡ്രിസ സില്ല (90) എന്നിവർ നോർത്ത് ഈസ്റ്റിനു വേണ്ടി ഗോൾ മടക്കി. പന്തടക്കത്തിലും ആക്രമണത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യ പകുതിയില്‍ സെറ്റ്പീസും പെനൽറ്റിയും മുതലാക്കിയാണ് ബ്ലാസ്റ്റേഴ്സ് മുന്നേറിയത്. നോർത്ത് ഈസ്റ്റ് ആക്രമണങ്ങളെ പ്രതിരോധ താരം കോസ്റ്റ നെമനോസുവും ഗോളി ആൽബിനോ ഗോമസും ചേർന്ന് തടഞ്ഞു നിർത്തുകയായിരുന്നു.

അതേസമയം രണ്ടാം പകുതിയിൽ കളി മാറി. ഗോൾ നേടിയതിന്റെ ‘ആലസ്യത്തിൽ’ ബ്ലാസ്റ്റേഴ്സ് പിൻവാങ്ങിയതോടെ നോർത്ത് ഈസ്റ്റ് ആക്രമണത്തിന്റെ കെട്ടഴിച്ചു വിട്ടു. രണ്ടാം പകുതിയുടെ തുടക്കം മുതൽ തന്നെ പിടിപ്പതു പണിയായിരുന്നു ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയ്ക്ക്. മിസ് പാസുകളും അനാവശ്യ കോർണറുകളും വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് ‘പഴയ’ ബ്ലാസ്റ്റേഴ്സ് ആണെന്നു തോന്നിച്ചു. 2–1ന് കളിയവസാനിപ്പിക്കാമെന്നു കരുതിയ ബ്ലാസ്റ്റേഴ്സിനെ ഒരു ഗോൾ കൂടിയടിച്ച് നോർത്ത് ഈസ്റ്റ് നിരാശരാക്കി. ഫകുണ്ടോ പെരേര, ജോർദാൻ മറെ എന്നീ പകരക്കാർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാം പകുതിയിൽ ലഭിച്ച പെനൽറ്റിയും നോർത്ത് ഈസ്റ്റ് ലക്ഷ്യത്തിലെത്തിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ.

അഞ്ചാം മിനിറ്റിൽ ആദ്യ ഗോൾ

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആദ്യ വെടി പൊട്ടിച്ചു. നാലാം മിനിറ്റിൽ ലഭിച്ച സെറ്റ്പീസ് എടുത്ത് സെത്യാസെൻ സിങ് പിഴവുകളില്ലാതെ പന്ത് ക്യാപ്റ്റൻ സി‍ഡോഞ്ചയിലെത്തിച്ചു. നോർത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് റോയ്ക്ക് അവസരം നൽകാതെ സിഡോ അനായാസം ഹെഡ് ചെയ്ത് ഗോളാക്കി.

വിവാദ’ പെനൽറ്റി

ആദ്യ പകുതിയിലെ നോർത്ത് ഈസ്റ്റിന്റെ തുടർച്ചയായ ആക്രമണങ്ങൾക്കിടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ വന്നത്. പന്ത് ക്ലിയർ ചെയ്യാനുള്ള രാകേഷ് പ്രധാന്റെ നീക്കമാണു ‘വിവാദ’ പെനൽറ്റിയിലേക്കു നയിച്ചത്. ഗാരി ഹൂപ്പർ തൊടുത്തുവിട്ട ഷോട്ട് ഗോളി സുഭാശിഷിന്റെ കാലുകളിൽ തട്ടിയെങ്കിലും വലയിൽ തന്നെ വീണു. ഇതോടെ ബ്ലാസ്റ്റേഴ്സിന് രണ്ടാം ഗോൾ.
തുടർച്ചയായി വഴങ്ങിയ കോർണറുകളാണ് നോർത്ത് ഈസ്റ്റിന്റെ ഗോളിലേക്കു നയിച്ചത്. അപിയയുടെ ആദ്യ ശ്രമം ഗാരി ഹൂപ്പർ പ്രതിരോധിച്ചെങ്കിലും റീബൗണ്ടിൽ തിരിച്ചടിച്ച് അപിയ ലക്ഷ്യം പൂർത്തിയാക്കി.