ഫാ.സ്റ്റാൻസ്വാമിയോട് കടുത്ത അനീതി; സ്‌ട്രോയ്ക്കും സിപ്പര്‍ കപ്പിനും ശൈത്യകാല വസ്ത്രത്തിനും ഇനിയും കാത്തിരിക്കേണ്ടിവരും;കോടതി നടപടി നീളുന്നു

മുംബൈ: ഭീമാ കൊറേഗാവ് കേസിൽ കഴിഞ്ഞമാസം അറസ്റ്റിലായ ആക്ടിവിസ്റ്റ് ഫാ.സ്റ്റാൻസ്വാമിയോട് കടുത്തഅനീതി. ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്ട്രോയ്ക്കും സിപ്പർ കപ്പിനും വേണ്ടി ഡിസംബർ അവസാനംവരെ കാത്തിരിക്കേണ്ടി വരും. പാർക്കിൻസൺസ് രോഗിയെന്ന നിലയിൽ അവശനായ അദ്ദേഹം സ്ട്രോയും സിപ്പർ കപ്പും ആവശ്യപ്പെടുന്നത്.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തന്നെ അറസ്റ്റു ചെയ്തപ്പോൾ പിടിച്ചെടുത്ത സ്ട്രോയും സിപ്പർ കപ്പും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻ സ്വാമി പുണെ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അവ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതിയിൽ എൻഐഎ സത്യവാങ്മൂലം നൽകി. ഇതോടെ സ്റ്റാൻ സ്വാമിയുടെ അപേക്ഷ പുണെയിലെ പ്രത്യേക കോടതി തള്ളി.

ഇതേത്തുടർന്ന് ജയിലിൽ സ്ട്രോയും സിപ്പറും ശൈത്യകാല വസ്ത്രങ്ങളും ഉപയോഗിക്കാൻ അനുമതി തേടി സ്വാമി വീണ്ടും കോടതിയെ സമീപിച്ചു. ഹർജിയിൽ ജയിൽ അധികൃതരുടെ മറുപടി ആരാഞ്ഞ കോടതി ഹർജി ഡിസംബർ നാലിലേക്ക് മാറ്റി.

കേന്ദ്ര നാഡീവ്യൂഹത്തെ ദുർബലപ്പെടുത്തുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ്. വിറയലും പേശികളുടെ സങ്കോചവും രോഗികൾക്ക് ഉണ്ടാകുന്നതിനാൽ പാനീയങ്ങൾ കുടിക്കുന്നത് അടക്കമുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസം നേരിടും. രോഗികളിൽ ചിലർക്ക് ചവയ്ക്കാനും ഭക്ഷണം കഴിക്കാനും പോലും ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ സാഹചര്യത്തിലാണ് അദ്ദേഹം സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്.

ഭീമാ കൊറേഗാവിലെ യുദ്ധ സ്മാരകത്തിന് സമീപം 2018 ജനുവരി ഒന്നിനാണ് സംഘർഷമുണ്ടായത്. തൊട്ടു തലേദിവസം പുണെയ്ക്ക് സമീപം നടന്ന ഏകതാ പരിഷത്ത് സമ്മേളനത്തിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത് എന്നാണ് ആരോപിക്കപ്പെടുന്നത്. സ്റ്റാൻ സ്വാമിക്ക് സിപിഎം മാവോയിസ്റ്റ് സംഘടനയുമായി ബന്ധമുണ്ടെന്നും അക്രമത്തിന് പ്രേരണ നൽകിയതിൽ അദ്ദേഹത്തിനും പങ്കുണ്ടെന്നുമാണ് എൻഐഎ പറയുന്നത്.