പനജി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവയ്ക്കെതിരെ 94–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയിലൂടെ
മുംബൈ സിറ്റി എഫ്സിക്ക് ആദ്യ ജയം. ആദം ലെ ഫ്രോണ്ടെ മുംബൈയ്ക്കായി ഗോൾ നേടി. ഗോവയ്ക്കു സംഭവിച്ച രണ്ടു പിഴവുകളാണ് കളി മുംബൈയ്ക്ക് അനുകൂലമാക്കിയത്. അതിൽ ആദ്യത്തേത് 40–ാം മിനിറ്റിൽ. ഗോവയുടെ ഇന്ത്യന്‍ താരം റെഡീം തലാങ് ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ഹെർനൻ സന്റാനയെ ഫൗൾ ചെയ്തതിനായിരുന്നു ശിക്ഷ. ഇതോടെ ഗോവ പത്തുപേരായി ചുരുങ്ങി.
അധിക സമയത്താണു ഗോവയുടെ രണ്ടാമത്തെ പിഴവ് സംഭവിക്കുന്നത്. മുംബൈ താരം ബിപിൻ സിങ് ഗോവ ബോക്സിൽ ഹെഡ് ചെയ്ത പന്ത് ലെനി റോഡ്രിഗസിന്റെ കയ്യിൽ തട്ടി. ലഭിച്ച പെനൽറ്റി ഭംഗിയായി വലയിലെത്തിച്ച് ആദം ലേ ഫ്രോണ്ടെ ഐഎസ്എല്ലിലെ ഗോൾ വേട്ടയ്ക്കും തുടക്കമിട്ടു.
മത്സരത്തിന്റെ തുടക്കത്തിൽ പന്തടക്കത്തിലും ആക്രമണത്തിലും ഗോവയായിരുന്നു മുന്നിൽ. പല തവണ ഗോവൻ മുന്നേറ്റനിര മുംബൈ ബോക്സിലേക്ക് ഇരച്ചു കയറി. പക്ഷേ മുംബൈ പ്രതിരോധിച്ചു.
അവസരം മുതലെടുത്ത മുംബൈ ഗോവൻ ബോക്സിലേക്ക് ആക്രമണങ്ങൾ നയിച്ചു. പക്ഷേ ആദ്യ പകുതി ഗോൾ രഹിതം. രണ്ടാം പകുതിയിൽ മുംബൈയും ഗോവയും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി മുന്നേറിയതോടെ ഇരു ഭാഗങ്ങളിലും തുടർച്ചയായി ഫൗളുകളും സംഭവിച്ചു.
ബെർത്തലോമിയോ ഓഗ്ബെച്ചെയെ വരെ പകരക്കാരനാക്കി മുംബൈ ഇറക്കി നോക്കിയിട്ടും ഫലം കണ്ടില്ല.
ഇതോടെ മുംബൈയ്ക്ക് ആദ്യ ജയവും മൂന്ന് പോയിന്റുകളും സ്വന്തം. ആദ്യ മത്സരത്തില്‍ നോർത്ത് ഈസ്റ്റിനോട് മുംബൈ പരാജയപ്പെട്ടിരുന്നു. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് – നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും.