ബെയ്ജിങ്: 43 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ എതിർത്ത് ചൈന. ഇന്ത്യയുടെ നടപടി ലോക വ്യാപര സംഘടന (ഡബ്ല്യൂ ടിഒ) നിയമങ്ങളുടെ ലംഘനമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ തുടർച്ചയായി ദേശീയ സുരക്ഷയെ ഒരു കാരണമായി ഉപയോഗിക്കുന്നതിനെ ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് എംബസി വക്താവ് ജി റോങ് വ്യക്തമാക്കി. നടപടി ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക് എതിരാണ്. ഇന്ത്യ തീരുമാനം പിൻവലിക്കണം- ജി റോങ് ആവശ്യപ്പെട്ടു.
ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ കമ്പനികൾക്ക് ന്യായവും നിക്ഷ്പക്ഷവും വിവേചന രഹിതവുമായ ഒരു വ്യവസായ അന്തരീക്ഷം ഇന്ത്യ പ്രദാനം ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ലോക വ്യാപാര സംഘടന നിയമങ്ങൾ ലംഘിക്കുന്ന വിവേചനപരമായ നടപടി തിരുത്തണമെന്നും ചൈനീസ് എംബസി വക്താവ് ആവശ്യപ്പെട്ടു.
ചൈനീസ് റീടെയ്ൽ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആപ്പുകളടക്കമാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിരോധിച്ചത്. ലഡാക്കിൽ ചൈനയുമായുണ്ടായ അതിർത്തി തർക്കത്തിന് ശേഷം ഇത് നാലാം തവണയാണ് ചൈനീസ് ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തുന്നത്. ആകെ 267 ആപ്പുകൾ ഇതുവരെ കേന്ദ്രം നിരോധിച്ചു.