കൊച്ചി : കൊറോണ വ്യപനതിന്റെ സാഹചര്യത്തില്‍ സ്കൂള്‍ ഫീസ് ഇളവു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ ഹർജിയിൽ സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. കൊറോണ സാഹചര്യം കണക്കിലെടുത്ത് ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ അണ്‍ എയ്ഡഡ് സ്കൂളുകള്‍ വാങ്ങാവൂ എന്ന് സര്‍ക്കാരും സിബിഎസ്ഇയും സര്‍ക്കുലര്‍ ഇറക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ടാം ടേം കഴിയുന്ന സാഹചര്യത്തില്‍ ആദ്യ ടേമിന്റെ ഫീസ് വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ അടയ്ക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഹര്‍ജി നിലവിലുള്ളതിനാല്‍ ഫീസ് അടയ്ക്കേണ്ടെന്ന് ഹര്‍ജിക്കാര്‍ മറ്റു രക്ഷിതാക്കളോടു പറയുന്നുണ്ടെന്നും ഇതിനാല്‍ പലരും ആദ്യ ടേം ഫീസ് പോലും അടച്ചിട്ടില്ലെന്നും ചില സ്കൂള്‍ മാനേജ്മെന്റുകള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.
തുടര്‍ന്നാണ് ആദ്യ ടേം ഫീസ് അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഫീസില്‍ കുറവു വരുത്തേണ്ടി വന്നാല്‍ അടുത്ത ടേമിലെ ഫീസില്‍ ഇതിന് ഇളവു നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരുമെന്നറിഞ്ഞാണ് സര്‍ക്കാര്‍ ഇതര സ്കൂളുകളില്‍ കുട്ടികളെ രക്ഷിതാക്കള്‍ ചേര്‍ത്തിട്ടുള്ളത്. പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിന് രക്ഷിതാക്കളെ സഹായിക്കാനാണ് കോടതി ഇടപെടുന്നത്.
കേസുണ്ടെന്ന കാരണത്താല്‍ ഫീസ് നല്‍കാതിരിക്കാന്‍ കഴിയില്ല – ഹൈക്കോടതി വ്യക്തമാക്കി. ചെലവിന് ആനുപാതികമായേ ഫീസ് നിശ്ചയിക്കാവൂ എന്നു വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഇറക്കുന്ന കാര്യം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. 2020 – 21 വര്‍ഷത്തേക്ക് മാത്രമാണ് ഈ സര്‍ക്കുലര്‍ ബാധകമാവുക. എതിര്‍ കക്ഷികളായ സ്കൂള്‍ മാനേജ്മെന്റുകള്‍ വരവു ചെലവു കണക്കുകള്‍ നല്‍കിയിട്ടുണ്ട്. ചെലവിന് ആനുപാതികമായാണോ ഫീസ് നിര്‍ണയിച്ചിരിക്കുന്നതെന്നു പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.