കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ സാക്ഷിയെ സ്വാധീനിക്കാൻ യോഗം ചേർന്നതായി പോലീസിന്റെ കണ്ടെത്തൽ. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ ജനുവരിയിൽ യോഗം ചേർന്നെന്നാണ് കണ്ടെത്തിയത്. കാസർകോട് സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കെബി ഗണേഷ്കുമാർ എംഎൽഎയുടെ സഹായി ബി. പ്രദീപ്കുമാർ യോഗത്തിൽ പങ്കെടുത്തിരുന്നോ എന്ന് പോസീസ് അന്വേഷിക്കുന്നുണ്ട്.
കേസിൽ വിചാരണ തുടങ്ങുന്നത് കഴിഞ്ഞ ജനുവരി മാസം അവസാനമാണ്. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്പ് കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ യോഗം ചേർന്നിരുന്നു എന്ന സുപ്രധാന വിവരമാണ് പോലീസിന് ലഭിച്ചത്. യോഗത്തിനു ശേഷമാണ് പ്രദീപ് കാഞ്ഞങ്ങാട്ടേക്ക് പോകുന്നത്.
കാസർകോട്ടുനിന്ന് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികൾ ആരെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സാക്ഷിയുടെ ബന്ധുവിനെ സ്വാധീനിക്കാൻ പ്രത്യേക ഫോണും സിം കാർഡുമെടുത്തിരുന്നു. സിം കാർഡ് സാക്ഷിയുടെ ബന്ധുവിനെ വിളിക്കുന്ന സമയത്ത് കാസർകോടായിരുന്നു ലൊക്കേഷനെന്നതും പ്രധാനപ്പെട്ട വിവരമാണ്.