ഉത്തേജക മരുന്ന് ഉപയോഗം ; ഹാമർത്രോ ദേശീയ ചാമ്പ്യൻ അനിതയെ സസ്പെൻഡ് ചെയ്തു

ന്യൂഡെൽഹി: ഹാമർ ത്രോയിൽ ഇന്ത്യയുടെ ദേശീയ ചാമ്പ്യനും ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ ഗോൾഡ് മെഡലിസ്റ്റുമായ അനിതയെ ആന്റി-ഡോപ്പിങ് ഏജൻസി (എൻഎഡിഎ) സസ്പെൻഡ് ചെയ്തു. അനിത ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

അനിതയുടെ ശരീരത്തിലുണ്ടായിരുന്ന ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതലായിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ വർഷം മാർച്ചിൽ ഇരുപത്തിമൂന്നാമത് ഫെഡറേഷൻ കപ്പ് മീറ്റ് പാട്ട്യാലയിൽ നടക്കവെ ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിന്റെ ഫലമാണ് 19 മാസങ്ങൾക്കുശേഷം ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
ഖത്തറിലെ ദോഹയിലുള്ള ലബോറട്ടറിയിലാണ് സാമ്പിളുകൾ പരിശോധിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം വിരാട് കോഹ്ലി, എംഎസ് ധോണി, രവീന്ദ്ര ജഡേജ ഉൾപ്പെടെയുള്ള പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ സാമ്പിളുകളും എൻഎഡിഎ ശേഖരിച്ചിരുന്നു. സാമ്പിളുകൾ പരിശോധിക്കുന്നതിനായി ജർമനിയിലേക്ക് അയച്ചിരിക്കുകയാണ്.