ദുബൈ: വിസ്മയം തീർത്ത പ്രശ്സ്ത ജെറ്റ്മാൻ പൈലറ്റ് വിൻസൻറ് റഫെ (36) അപകടത്തിൽ മരിച്ചു. ദുബൈയിൽ പരിശീലനത്തിനിടെയാണ് ഫ്രാൻസുകാരനായ വിൻസിയുടെ മരണം. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. മരുഭൂമിയിൽ പരിശീലനപറക്കലിനിടെ അപകടത്തിൽപെടുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് ദുബൈയിലെ ജുമൈറ ബീച്ചിൽ നിന്ന് 1800 മീറ്റർ ഉയരത്തിലേക്ക് പറന്നുയർന്ന വിൻസിയുടെ വീഡിയോ വൈറലായിരുന്നു. മലയാളികൾ അടക്കം പങ്കാളികളായ ജെറ്റ്മാൻ സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണപറക്കൽ. അത് ചരിത്രത്തിലെ നാഴികക്കല്ലാണെന്നായിരുന്നു ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിശേഷിപ്പിച്ചത്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയേക്കാൾ ഉയരത്തിൽ പറന്ന് ശ്രദ്ധനേടിയയാളാണ് വിൻസൻറ്. ദുബൈയിൽ നിരവധി പറക്കലുകൾ നടത്തിയിരുന്നു. ജെറ്റ്പാക്കുകളും കൃത്രിമ ചിറകുകളും ഉപയോഗിച്ച് ആകാശത്തേക്ക് പറന്നുയരുന്നവരാണ് ജെറ്റ്മാൻമാർ. മലയാളികൾ അടക്കമുള്ളവർ ദുബൈയിൽ ജെറ്റ്മാൻ പരിശീലനം നടത്തുന്നുണ്ട്. പ്രൊഫഷനൽ സ്കൈഡൈവർ, ജമ്പർ, പരിശീലകൻ തുടങ്ങിയ നിലയിൽ പേരെടുത്തയാളാണ് വിൻസി.