തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടംലംഘിച്ചും കേന്ദ്ര അനുമതിയില്ലാതെയും കേരള സർവ്വകലാശാലയിൽ വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് പുനർ നിയമനം

തിരുവനന്തപുരം: കേന്ദ്ര അനുമതിയില്ലാതെയും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടംലംഘിച്ചും കേരള സർവ്വകലാശാലയിൽ വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് മുൻകാല പ്രാബല്യത്തോടെ പെൻഷൻപ്രായം നീട്ടി നൽകി. എട്ടുമാസം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയ്ക്കാണ് സിപിഎം കുടുംബത്തിലെ അംഗമെന്ന പരിഗണനയിൽ മുൻകാലപ്രാബല്യത്തിൽ മുഴുവൻ ശമ്പളത്തോടെ പുനർനിയമനം. ചട്ടവിരുദ്ധ തീരുമാനത്തിനെതിരേ സർവകലാശാല ജീവനക്കാർ തന്നെ ആക്ഷേപം ഉന്നയിച്ചു രംഗത്തെത്തി കഴിഞ്ഞു.

കേരള സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന പോപ്പുലേഷൻ റിസർച്ച് സെൻററിൽ നിന്നും മാർച്ചി ൽ വിരമിച്ച റിസർച്ച് ഓഫീസർക്കാണ് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം പറ്റിയിരുന്ന ജോലിയിൽ പുനർ നിയമനം നൽകാൻ വിരമിക്കൽ പ്രായം മാർച്ച്‌ 2020 മുതൽ പ്രാബല്യത്തോടെ വർധിപ്പിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്.

കേന്ദ്ര സർക്കാരിൻ്റെ പൂർണ സാമ്പത്തിക സഹായത്തിലാണ് സെൻറർ പ്രവർത്തിക്കുന്നത്. അതാത് സംസ്ഥാനങ്ങളിലെ സേവന വേതന ഘടനയാണ് സെന്ററിലെ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ളത്. വിരമിക്കൽ പ്രായവും സംസ്ഥാന സർക്കാരിന് സമാനമായാണ് നിശ്ചയിച്ചിട്ടുള്ളത്. അത് അവഗണിച്ചാണ് ഇപ്പോൾ വിരമിക്കൽ പ്രായം 60 ആയി ഉയർത്തിയത്.

സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തണമെങ്കിൽ കേന്ദ്ര സർക്കാരിൻ്റെ മുൻകൂട്ടിയുള്ള അനുമതി ലഭിക്കേണ്ടതുണ്ട്. സംസ്ഥാനത്തെ സേവന വേതന വ്യവസ്ഥ അതേപടി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. അത് മറികടന്ന് പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതും വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് പുനർനിയമനം നൽകുന്നതും ചട്ടവിരുദ്ധമാണെന്ന സർവ്വകലാശാല ഭരണ, ധനകാര്യ വിഭാഗങ്ങളുടെ നിർദ്ദേശം അവഗണിച്ചാണ് സിൻഡിക്കേറ്റ് യോഗം തീരുമാനം.ഈ സെന്ററിലെ നിരവധി ജീവനക്കാർ പെൻഷൻ പ്രായ വർധനവില്ലാതെ വിരമിച്ചിട്ടുണ്ട്.

പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ ചട്ടവിരുദ്ധമായ ഉത്തരവ് ഇറക്കുന്നതിൽ സർവകലാശാല ഉദ്യോഗസ്ഥർ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും സിൻഡിക്കേറ്റ് അംഗങ്ങളുടെ ശക്തമായ സമ്മർദ്ദത്തിന് വിസി തന്നെ വഴങ്ങിയതായാണ് വിവരം.