സിഡ്നി: ഓസീസ് മണ്ണിൽ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം ശനിയാഴ്ച തങ്ങളുടെ ആദ്യ ഔട്ട്ഡോർ പരിശീലനത്തിനിറങ്ങി. ടീം അംഗങ്ങൾക്കായി നടത്തിയ കൊറോണ പരിശോധനയിൽ എല്ലാവരും നെഗറ്റീവായതോടെയാണ് ടീം പരിശീലനത്തിന് ഇറങ്ങിയത്.
ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം 14 ദിവസം ക്വാറന്റൈനിലായിരിക്കും. ഇക്കാലയളവിൽ പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഓസ്ട്രേലിയ ഒരുക്കിയിട്ടുണ്ട്. ടീം ഇന്ത്യയുടെ പരിശീലന സെഷനിലെ ചിത്രങ്ങൾ ബിസിസിഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. സിഡ്നി ഒളിമ്പിക് പാർക്കിലാണ് ടീമിന്റെ പരിശീലനം.
നവംബർ 27-ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്നതാണ്. നവംബർ 27-ന് സിഡ്നിയിൽ ആദ്യ ഏകദിന മത്സരത്തോടെ പര്യടനത്തിന് തുടക്കമാകും. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.
പരമ്പരയിലെ രണ്ടാം ഏകദിനവും സിഡ്നിയിൽ തന്നെയാണ്. മൂന്നാം ഏകദിനം കാൻബറയിൽ നടക്കും. ഡിസംബർ നാലിന് കാൻബറയിൽ തന്നെ ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകും. ഡിസംബർ ആറിനും എട്ടിനും സിഡ്നിയിൽ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾ നടക്കും.
ഡിസംബർ 11-ന് ഓസ്ട്രേലിയ എ ടീമുമാണ് ഇന്ത്യ പരിശീലന മത്സരം കളിക്കും. ഡിസംബർ 17-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഡ്ലെയ്ഡിലാണ് മത്സരം. ഡിസംബർ 26-ന് മെൽബണിൽ രണ്ടാം ടെസ്റ്റും ജനുവരി ഏഴിന് സിഡ്നിയിൽ മൂന്നാം ടെസ്റ്റും നടക്കും. ജനുവരി 15-ന് ബ്രിസ്ബെയ്നിലാണ് അവസാന ടെസ്റ്റ്.