റാഞ്ചി: കരിങ്കോഴികൾക്കും മുട്ടയ്ക്കും ഡിമാൻ്റ് കൂടിയതോടെ റാഞ്ചിയിലെ തന്റെ ഓർഗാനിക് ഫാമിൽ കരിങ്കോഴികളെ വളർത്താനൊരുങ്ങി മഹേന്ദ്രസിംഗ് ധോണി. കടക്നാഥ് ഇനത്തിൽ പെട്ട 2000 കോഴികുഞ്ഞുങ്ങൾക്കാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇപ്പോൾ ഓർഡർ കൊടുത്തിരിക്കുന്നത്.കരിങ്കോഴി കുഞ്ഞുങ്ങൾ ഉടൻ തന്നെ റാഞ്ചിയിലെ ധോണിയുടെ ഫാമിലെത്തും.
മധ്യപ്രദേശിലെ ബീലാഞ്ചൽ എന്ന പ്രദേശത്തെ തനതായ കോഴിയിനമാണ് ‘കടക്നാഥ് കരിങ്കോഴികൾ’. ഇവയ്ക്ക് മറ്റ് കോഴിയിനങ്ങളെ അപേക്ഷിച്ച് കൊഴുപ്പിന്റെ അളവും കൊളസ്‌ട്രോളിന്റെ അളവും കുറവായിരിക്കും. മാംസത്തിൽ പ്രോട്ടീന്റെ അളവ് കൂടുതലുമാണ്.മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ നിന്നുള്ള കർഷകനായ വിനോദ് മേധയിൽ നിന്നാണ് ധോണി കരിങ്കോഴി കുഞ്ഞുങ്ങളെ വാങ്ങിയത്.
റാഞ്ചിയിലെ 43 ഏക്കറോളം വരുന്ന സ്ഥലത്താണ് ധോണിയുടെ ജൈവകൃഷി. പച്ചക്കറി മുതൽ കന്നുകാലിവളർത്തൽ വരെ ഉൾപ്പെടുന്ന ഈ ഫാമിലാണ് ധോണി പുതുതായി കരിങ്കോഴിയെ വളർത്താൻ തീരുമാനിച്ചിരിക്കുന്നത്. സഹിവാൾ ഇനം പശുക്കൾ, കോഴി, താറാവ്, മത്സ്യങ്ങൾ തുടങ്ങിയവയുൾപ്പെടുന്ന വലിയൊരു ഓർഗാനിക് ഫാമിന്റെ ഉടമസ്ഥൻ കൂടിയാണ് ഇന്ത്യയുടെ ഈ ക്യാപ്റ്റൻ കൂൾ.