അബുദാബി: ആവേശപ്പോരാട്ടങ്ങളും അനിശ്ചിതത്വങ്ങളും നിറഞ്ഞ 13-ാം ഐപിഎല്ലിൻ്റെ ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ ഡെൽഹി കാപിറ്റൽസ് നേരിടും. ഡെൽഹി ഉയർത്തിയ 190 റൺസ് പിന്തുടർന്നിറങ്ങിയ സൺ റൈസേഴ്സിനായി കെയിൻ വില്യംസണും (67), അബ്ദുൽ സമദും (16 പന്തിൽ 33) ഒത്തുചേർന്നതോടെ ചങ്കുപിടച്ചെങ്കിലും നാലു വിക്കറ്റുകളുമായി കളം നിറഞ്ഞ കഗിസോ റബാദ ഡൽഹിയെ ഫൈനലിലേക്ക് നടത്തുകയായിരുന്നു. ചൊവ്വാഴ്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ട് മെട്രോ നഗരങ്ങളുടെ രാജകീയ പോരാട്ടം നടക്കുക.
വഴി മാറി സഞ്ചരിച്ച് അൽപം വൈകിപ്പോയെങ്കിലും, ഒടുവിൽ ഡൽഹി എത്തേണ്ടിടത്തുതന്നെ എത്തി. രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ വെല്ലുവിളി അതിജീവിച്ച ഡൽഹി ചരിത്രത്തിലാദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ഫൈനലിൽ കടന്നു. എലിമിനേറ്റർ കടമ്പ കടന്നെത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനെ 17 റൺസിനു തകർത്താണ് ഡൽഹിയുടെ ഫൈനൽ പ്രവേശം. ഡൽഹി ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന്റെ പോരാട്ടം നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ അർധെസഞ്ചുറിയുമായി ഹൈദരാബാദ് ഇന്നിങ്സിനെ തോളേറ്റിയ കെയ്ൻ വില്യംസന്റെ പോരാട്ടം ഇത്തവണ വിഫലമായി. വില്യംസൻ 45 പന്തിൽ 67 റൺസെടുത്ത് പുറത്തായി.
ബാറ്റുകൊണ്ടും പന്തുകൊണ്ടും വിസ്മയ പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസാണ് ഡൽഹിയുടെ വിജയശിൽപി. ഓപ്പണറായിറങ്ങി 27 പന്തിൽ 38 റൺസെടുത്ത് ഡൽഹിക്കു മിന്നുന്ന തുടക്കം സമ്മാനിച്ച സ്റ്റോയ്നിസ്, മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി. പ്രിയം ഗാർഗ്, മനീഷ് പാണ്ഡെ, വില്യംസൻ എന്നിവരെയാണ് സ്റ്റോയ്നിസ് പുറത്താക്കിയത്. കഗീസോ റബാദ നാല് ഓവറിൽ 29 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. പ്ലേഓഫുകളിൽ നിറംമങ്ങുന്ന പതിവിനോട് വിടപറഞ്ഞ ഓപ്പണർ ശിഖർ ധവാന്റെ അർധസെഞ്ചുറിയും ഡൽഹി വിജയത്തിൽ നിർണായകമായി.
ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ആദ്യ കിരീടം ഉന്നമിടുന്ന ഡൽഹിക്ക്, ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസാണ് എതിരാളികൾ. ഒന്നാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റതോടെയാണ് ഫൈനൽ ഉറപ്പാക്കാൻ ഡൽഹിക്ക് രണ്ടാം ക്വാളിഫയർ കളിക്കേണ്ടിവന്നത്. അന്നത്തെ തോൽവിക്ക് മുംബൈയോടു പകരം വീട്ടാനുള്ള അവസരം കൂടിയാണ് ഡൽഹിക്കു മുന്നിലുള്ളത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഹൈദരാബാദിന്, ന്യൂസീലൻഡ് ക്യാപ്റ്റൻ കൂടിയായ കെയ്ൻ വില്യംസന്റെ അവസരോചിത ഇന്നിങ്സാണ് രക്ഷയായത്. 44 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കിയ സൺറൈസേഴ്സിനെ ഒരിക്കൽക്കൂടി വില്യംസൻ രക്ഷപ്പെടുത്തുമെന്ന തോന്നലുയർന്നെങ്കിലും, കന്നി ഐപിഎൽ ഫൈനലെന്ന ഡൽഹിയുടെ മോഹം കെടുത്താനായില്ല.
വില്യംസൻ 45 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 67 റൺസെടുത്തു. അബ്ദുൽ സമദ് (16 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 33), മനീഷ് പാണ്ഡെ (14 പന്തിൽ മൂന്നു ഫോറുകൾ സഹിതം 17), പ്രിയം ഗാർഗ് (12 പന്തിൽ രണ്ടു സിക്സ് സഹിതം 17) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ക്യാപ്റ്റൻ ഡേവിഡ് വാർണർ (രണ്ട്), ജെയ്സൻ ഹോൾഡർ (15 പന്തിൽ 11), ശ്രീവത്സ് ഗോസ്വാമി (0) റാഷിദ് ഖാൻ (ഏഴു പന്തിൽ 11) എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് താരങ്ങളുടെ പ്രകടനം. ഷഹബാസ് നദീം, സന്ദീപ് ശർമ എന്നിവർ രണ്ടു റൺസ് വീതമെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ, ഐപിഎൽ പ്ലേഓഫുകളിൽ അടിപതറുന്ന പതിവ് തെറ്റിച്ച ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 189 റൺസെടുത്തത്. ധവാൻ 50 പന്തുകൾ നേരിട്ട് ആറു ഫോറും രണ്ടു സിക്സും സഹിതം 78 റൺസെടുത്തു. ഇതിനിടെ, ധവാൻ ഈ സീസണിൽ 600 റൺസും പിന്നിട്ടു. 2018ൽ 684 റൺസടിച്ച ഋഷഭ് പന്തിനുശേഷം ഐപിഎലിൽ ഒരു സീസണിൽ 600 കടക്കുന്ന ആദ്യ ഡൽഹി താരമാണ് ധവാൻ. ഐപിഎലിൽ ധവാന്‍ ഏറ്റവും കൂടുതൽ റൺസ് നേടിയ സീസണും ഇതുതന്നെ.
ഓപ്പണറായിറങ്ങി നിർണായക സംഭാവന നൽകിയ ഓസീസ് താരം മാർക്കസ് സ്റ്റോയ്നിന്റെ ഇന്നിങ്സും ഡൽഹിക്ക് കരുത്തായി. 27 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്ത സ്റ്റോയ്നിസ്, ധവാനൊപ്പം ചേർന്ന് ഡൽഹി മോഹിച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഡൽഹി ഇന്നിങ്സിന്റെ നട്ടെല്ല്. 50 പന്തിൽനിന്ന് ഇരുവരും ചേർന്ന് നേടിയത് 86 റൺസ്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (29 പന്തിൽ ഒരു ഫോർ സഹിതം 21), ഷിംമ്രോൺ ഹെറ്റ്മെയർ (22 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 42) എന്നിവരും ഉറച്ച സംഭാവനകൾ ഉറപ്പാക്കിയതോടെയാണ് ഡൽഹി മികച്ച സ്കോറിലേക്കെത്തിയത്. ഋഷഭ് പന്ത് രണ്ടു റൺസുമായി പുറത്താകാതെ നിന്നു.
അനായാസം 200 കടക്കുമെന്ന് കരുതിയ ഡൽഹിയെ, അവസാന ഓവറിൽ തകർപ്പൻ ബോളിങ്ങുമായി ഏഴ് റൺസിലൊതുക്കിയ നടരാജനാണ് 189 റൺസിൽ പിടിച്ചുനിർത്തിയത്. സൺറൈസേഴ്സിനായി റാഷിദ് ഖാൻ നാല് ഓവറിൽ 26 റൺസ് വഴങ്ങിയും സന്ദീപ് ശർമ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി. ജെയ്സൻ ഹോൾഡറിന് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 50 റണ്‍സ് വഴങ്ങി.