മുംബൈ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ നവിമുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അലിബാഗിലെ മുനിസിപ്പൽ സ്കൂളിൽ പ്രവർത്തിക്കുന്ന ക്വാറന്റൈന് കേന്ദ്രത്തില്‍ അർണബ് മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്.
വെള്ളിയാഴ്ച വൈകിട്ട് ക്വാറന്റൈൻ കേന്ദ്രത്തിൽ മറ്റൊരാളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് സമൂഹമാധ്യമത്തിൽ അർണബ് സജീവമായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ക്വാറന്റൈൻ കേന്ദ്രത്തിൽ അർണബിന് മൊബൈൽ ഫോൺ ലഭിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി അലിബാഗ് ജയിൽ സൂപ്രണ്ടിന് കത്തെഴിയതായും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച്ച അറസ്റ്റിലായ അര്‍ണബിനെ ഈമാസം 18 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആർക്കിടെക്ട്-ഇന്റരിയർ ഡിസൈനർ അൻവയ് നായിക്കും അമ്മയും ആത്മഹത്യ ചെയ്ത കേസിലാണ് അർണബിനെ അറസ്റ്റ് ചെയ്തത്.
റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോ നിർമിച്ചതിനുള്ള 5.40 കോടി രൂപ ലഭിക്കാത്തതിലുള്ള മനോവിഷമത്തിൽ അൻവയ് നായിക്കും(53) അമ്മ കുമുദി നായിക്കും 2018ൽ ആത്മഹത്യ ചെയ്തെന്നാണ് കേസ്. ഇവരുടെ ആത്മഹത്യക്കുറിപ്പിൽ അർണബിന്റെ പേരു പരാമർശിച്ചിരുന്നു.