അടുത്ത മഹാമാരി നേരിടാൻ ഒരുങ്ങിയിരിക്കാൻ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ജനീവ: അടുത്ത മഹാമാരിയെ നേരിടുന്നതിന് ഒരുങ്ങിയിരിക്കാൻ ലോക നേതാക്കളോട് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം. ‘നമ്മൾ അടുത്ത മഹാമാരി നേരിടുന്നതിന് തയാറാകണം. 73ാമത് ലോകാരോഗ്യ അസംബ്ലിയിലാണ് ലോക നേതാക്കളോട് ഡബ്ല്യുഎച്ച്ഒയുടെ നിർദേശം. ആരോഗ്യസുരക്ഷാ സേവനങ്ങൾ‌‍ വികസിപ്പിക്കുന്നതിൽ ഒരോ രാഷ്ട്രവും ശ്രദ്ധ പുലർത്തിയെങ്കിൽ മാത്രമേ ഒരു സുസ്ഥിര ലോകം സാധ്യമാകൂ എന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

ശക്തമായി, അടിയന്തരമായി പ്രവർത്തിക്കാൻ കഴിവുമുള്ള ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾക്ക് വളരെ വേഗത്തിൽ ഇടപെടാനും സാർസ് കോവ്–2 വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനും സാധിച്ചു.’– ഡബ്ല്യുഎച്ച്ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആരോഗ്യമാണ് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സുസ്ഥിരതയ്ക്ക് അടിസ്ഥാനമെന്നാണ് കൊറോണ മഹാമാരി തെളിയിച്ചിരിക്കുന്നതെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.
കൊറോണ മഹാമാരിയെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളെ അഭിനന്ദിക്കാനും ഡബ്ല്യുഎച്ച്ഒ മറന്നില്ല.

ഇത്തരത്തിൽ ഒരു ആഗോള പ്രതിസന്ധിയിലും കൃത്യമായ ഇടപെടലുകളിലൂടെ മഹാമാരിയെ ഫലപ്രദമായി തടയാനും നിയന്ത്രിക്കാനും ചില രാജ്യങ്ങൾക്കു സാധിച്ചെന്ന് ഡബ്ല്യുഎച്ച്ഒ അഭിപ്രായപ്പെട്ടു. ശാസ്ത്രം, പ്രശ്നപരിഹാരം, ഐക്യദാർഢ്യം എന്നിവ സംയോജിപ്പിച്ച് കൊറോണയെ കൈകാര്യം ചെയ്യാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ആവശ്യമായ വാക്സീനുകളും മരുന്നുകളും ചികിത്സകളും വികസിപ്പിക്കുന്നതിനും അവ എല്ലാവർക്കും തുല്യമായി ലഭിക്കുന്നതിനും ലോകം ഒരുമിച്ചു നിന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സെർവിക്കൽ കാൻസർ, ക്ഷയം, ഭക്ഷ്യസുരക്ഷ എന്നിവയെ നേരിടുന്നതിനുമുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും ഡബ്ല്യഎച്ച്ഒ അറിയിച്ചു.