ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പ് ഹർജികൾ ഡെൽഹിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി

ന്യൂഡെൽഹി: കേരള ഒളിമ്പിക് അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജികൾ ഡെൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും ആയി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ തങ്ങൾക്ക് അധികാരം ഉണ്ടോ എന്ന കാര്യം കേരള ഹൈക്കോടതിക്ക് തീരുമാനിക്കാനാവുന്നതാണെന്ന് സുപ്രീം കോടതിയിലെ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം വിധിച്ചു.

കേരള ഒളിംപിക് അസോസിയേഷന്റെ വിവിധ ഭാരവാഹിത്വങ്ങളിലേക്ക് 2019 ജനുവരി 14 ന് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകൾ ഡെൽഹി ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.
തങ്ങൾക്ക് എതിരായ കേസുകൾ ഡെൽഹി ഹൈക്കോടതി മാത്രമേ പരിഗണിക്കാവൂ എന്നായിരുന്നു ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ വാദം.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ടെങ്കിലും 1955 ലെ തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ആക്ട് പ്രകാരം ആണ് കേരള ഒളിമ്പിക് അസോസിയേഷൻ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അതിനാൽ തന്നെ കേരള ഒളിമ്പിക് അസോസിയേഷന് കേരള ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ അവകാശം ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

2019 ജനുവരിയിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ വിവിധ ഭാരവാഹിത്വങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ എത്തിക്സ് കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ആരാഞ്ഞ വിശദീകരണം ചോദ്യം ചെയ്ത് കേരള ഒളിമ്പിക് അസോസിയേഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

കേരള ഒളിമ്പിക് അസോസിയേഷന് വേണ്ടി സീനിയർ അഭിഭാഷകൻ വി ഗിരി, അഭിഭാഷകൻ പി വി ദിനേശ് എന്നിവരും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് വേണ്ടി അഭിഭാഷകൻ ഡി എൻ ഗോബുർധനുമാണ് ഹാജരായത്