ബീച്ചിലൂടെ നഗ്നനായി ഓടി; മിലിന്ദ് സോമനെതിരെ പൊലീസ് കേസെടുത്തു

​പനജി: അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പൊലീസ് കേസെടുത്തു. നടന്റെ ഭാര്യയാണ് ചിത്രം പകര്‍ത്തിയത്. ‘ഹാപ്പി ബെര്‍ത്ത് ഡേ ടു മീ, 55 റണ്ണിംഗ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഫോട്ടോ ട്വീറ്റ് ചെയ്തത്. ഇതിന് മുന്‍പും നഗ്നനായുള്ള ചിത്രങ്ങള്‍ മിലിന്ദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ബീച്ചിലൂടെ നഗ്നനായി ഓടിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അശ്ലീല ചിത്രം പ്രചരിപ്പിച്ച വകുപ്പ് പ്രകാരം മിലിന്ദിനെതിരെ കേസെടുത്തതെന്ന് സൗത്ത് ഗോവ പൊലീസ് സൂപ്രണ്ട് പങ്കജ് കുമാര്‍ സിംഗ്പറഞ്ഞു. ഐടി നിയമത്തിലെ വകുപ്പുകളും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

തനിക്കെതിരെ കേസെടുത്തതിനെ കുറിച്ച്‌ മിലിന്ദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്റെ അമ്പത്തിയഞ്ചാം പിറന്നാള്‍ ദിനമായ നവംബര്‍ നാലിനാണ് അദ്ദേഹം ഗോവയിലെ ബീച്ചിലൂടെ നഗ്നനായി ഓടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അശ്ലീല ഫോട്ടോഷൂട്ടിന്റെ പേരില്‍ നേരത്തെ നടിയും, മോഡലുമായ പൂനം പാണ്ഡേയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.