ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി നീട്ടിയത്. ബെംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷന്‍സ് കോടതിയുടേതാണ് നടപടി.അതേസമയം ഇഡിയുടെ ജാമ്യാപേക്ഷയെ ബിനീഷിൻ്റെ അഭിഭാഷകൻ കോടതിയിൽ എതിർത്തു. ബിനീഷിന് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിൻ്റെ ആരോഗ്യനില വളരെ മോശമായതിനാൽ ചികിത്സ ഉറപ്പാക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപിൻ്റെ പേരിലുള്ള ഡെബിറ്റ് കാർഡ് ബിനീഷിൻ്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് ഇഡി. ഡെബിറ്റ് കാർഡിൽ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ട്. മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് അനൂപ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ ആണ് ഈ ഡെബിറ്റ് കാർഡ് കിട്ടിയതെന്നും ഇഡി അഭിഭാഷകൻ വ്യക്തമാക്കി.

നിലവിൽ പ്രവർത്തിക്കാത്ത മൂന്ന് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുള്ളതായും വ്യക്തമായിട്ടുണ്ട്. ഇതേക്കുറിച്ചെല്ലാം വിവരം ശേഖരിക്കാൻ ബിനീഷിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്നും ഇഡി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇഡിയുടെ വാദം അംഗീകരിച്ച ബെംഗളൂരു സെഷൻസ് കോടതി ബിനീഷിൻ്റെ കസ്റ്റഡി കാലാവധി നവംബർ 11 വരെ നീട്ടി. ഇതോടെ നാല് ദിവസം കൂടി ബിനീഷ് ഇഡി കസ്റ്റഡിയിൽ തുടരും.