തിരുവനന്തപുരം: പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എതിരെയുള്ള അന്വേഷണത്തിൽ സർക്കാരിന് യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസി വിളിച്ചാലുടനെ കുറ്റം ചാർത്തേണ്ട കാര്യമില്ല. അതുകൊണ്ട് അയാൾ അയാളല്ലാതെ ആകുന്നില്ല. സിഎം രവീന്ദ്രൻ വളരെ കാലമായി പരിചയമുള്ള ആളാണ്. അദ്ദേഹം ഞങ്ങളുടെ പാർലമെൻററി പാർട്ടി ഓഫീസിൽ പ്രവർത്തിച്ച് വന്ന ആളാണ്.
ദീർഘകാലമായി ഞങ്ങളുമായി പ്രവർത്തിച്ച ആളാണ്. രവീന്ദ്രനിൽ ഞങ്ങൾക്ക് എല്ലാവർക്കും വിശ്വാസമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐടി വകുപ്പിലെ പദ്ധതികളിൽ ഉൾപ്പെടെ ഊരാളുങ്കലിന് വഴിവിട്ട സഹായം നൽകിയെന്ന സംശയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് എൻഫോഴ്സ്മെന്റ് വിഭാഗം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്.
എം ശിവശങ്കരന്റെ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് നടപടി. സംസ്ഥാനത്തെ ചിലർക്ക് ചില മോഹങ്ങളുണ്ടാകും, ആ മോഹങ്ങളുടെ ഭാഗമായി ചില പ്രവചനങ്ങളും വന്നിട്ടുണ്ട്. അതിനപ്പുറം വലിയ കഴമ്പ് ഈ ആരോപണങ്ങളിൽ ഉണ്ടെന്ന് സർക്കാർ കരുതുന്നില്ല. അന്വേഷണ ഏജൻസിക്ക് ചില കാര്യങ്ങൾ അറിയാനുണ്ടാകും. അതിന് അവർ വിളിച്ചു എന്നേ കരുതുന്നൊള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.