ലണ്ടൻ: ഓക്സഫഡ് കൊറോണ വാക്സിൻ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വർഷം തന്നെയുണ്ടാകുമെന്ന് ചീഫ് ഇൻവെസ്റ്റിഗേറ്റർ ആൻഡ്ര്യൂ പോളാർഡ്. എന്നിരുന്നാലും ജനജീവിതം പഴയപടിയാകാൻ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷണം സംബന്ധിച്ച് പുറത്തുവരുന്ന ഡേറ്റകൾ റെഗുലേറ്റർമാർ ശ്രദ്ധയോടെ അവലോകനം ചെയ്യും. തുടർന്ന് ആർക്ക് വാക്സിൻ ലഭ്യമാക്കണമെന്നത് സംബന്ധിച്ച് രാഷ്ട്രീയമായ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസിന് തൊട്ടുമുമ്പായി വാക്സിൻ വിതരണം ആരംഭിക്കുമോ എന്ന ചോദ്യത്തിന് ‘ചെറിയൊരു സാധ്യതയുണ്ട്, എനിക്കറിയില്ല’ എന്നാണ് പോളാർഡ് മറുപടി നൽകിയത്. ജനുവരി മുതലാണ് ഓക്സ്‌ഫഡ് കൊറോണ പ്രതിരോധ വാക്സിന് വേണ്ടിയുളള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ‘യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വാക്സിൻ ചുരുങ്ങിയത് അമ്പതുശതമാനം ഫലപ്രദമായിരിക്കണം എന്നൊരു നിഷ്കർഷ വെച്ചിട്ടുണ്ട്. ശാസ്ത്രീയമായി അത് വളരെയധികം കഠിനമാണ്.
വാക്സിൻ ഫലപ്രദമാകുമെന്നുതന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. എത്രയും വേഗം ഉത്തരം ലഭിക്കും.’ പോളാർഡ് പറഞ്ഞു. വാക്സിൻ തയ്യാറാക്കാൻ സമയമെടുക്കുന്നതിനാൽ വാക്സിൻ ലഭ്യമായാലും ജീവിതം പഴയപടിയിലാകാൻ സമയമെടുക്കുമെന്ന് പോളാർഡ് പറഞ്ഞു. ഓക്സഫഡ് കൊറോണ വാക്സിനെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.