ദുബായ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂറ്റൻ തോൽവി ഏറ്റുവാങ്ങി ഐപിഎൽ 13–ാം സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമായി രാജസ്ഥാൻ റോയൽസ്. 60റൺസിനാണ് രാജസ്ഥാന്റെ തോൽവി. കൊൽക്കത്ത ഉയർത്തിയ 192 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുക്കാനേ സാധിച്ചൊള്ളൂ.
ആദ്യ ഓവറിൽ റൺസ് വാങ്ങിയെങ്കിലും ശക്തമായി തിരിച്ചുവന്ന പാറ്റ് കമ്മിൻസാണ് രാജസ്ഥാൻ മുൻനിരയെ ഒന്നൊന്നായി മടക്കിയത്. ആദ്യ അഞ്ച് ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലായി രാജസ്ഥാൻ. നാലു വിക്കറ്റ് കമ്മിൻസ് വീഴ്ത്തി. റോബിൻ ഉത്തപ്പ (6), ബെൻ സ്റ്റോക്ക്‌സ് (18), സ്റ്റീവ് സ്മിത്ത് (4), റിയാൻ പരാഗ് എന്നിവരെ കമ്മിൻസ് മടക്കിയപ്പോൾ സഞ്ജു സാംസണെ (1) ശിവം മാവിയും പുറത്താക്കി.
ജോസ് ബട്ട്‌ലർ 22 പന്തിൽ ഒരു സിക്‌സും നാലു ഫോറുമടക്കം 35 റൺസെടുത്ത് 11-ാം ഓവറിൽ പുറത്തായതോടെ രാജസ്ഥാൻ തോൽവി ഉറപ്പിച്ചു. ജോഫ്ര ആർച്ചർ (6), കാർത്തിക് ത്യാഗി (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ശ്രേയസ് ഗോപാൽ 23 റൺസോടെ പുറത്താകാതെ നിന്നു.
ടോസ് നേടി രാജസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാൻ ഗിൽ (24 പന്തിൽ 36), ത്രിപാഠി (34 പന്തിൽ 39) എന്നിവരിലൂടെയാണ് കൊൽക്കത്ത ബാറ്റിങ്ങിൽ മുന്നേറിയത്. ക്യാപ്റ്റൻ ഒയിൻ മോർഗൻ പുറത്താകാതെ നിന്ന് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 35 പന്തുകൾ നേരിട്ട് മോർഗൻ അഞ്ച് ഫോറും ആറ് സിക്‌സും സഹിതം 68 റൺസ് അടിച്ചെടുത്തു. മൂന്ന് സിക്‌സുകൾ സഹിതം 11 പന്തിൽ 25 റൺസുമായി ആന്ദ്രെ റസ്സലും തിളങ്ങി.
ഈ സീസണിൽ അവസാന സ്ഥാനക്കാരെന്ന നാണക്കേടും പേറിയാണ് രാജസ്ഥാന്റെ പടിയിറക്കം. ചെന്നൈ സൂപ്പർ കിങ്സ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നീ ടീമുകൾക്കു പിന്നാലെയാണ് രാജസ്ഥാനും പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. 14 മത്സരങ്ങളിൽ നിന്ന് 14 പോയന്റുമായി കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ലീഗിലെ ശേഷിക്കുന്ന രണ്ട് മത്സരഫലങ്ങളും കൊൽക്കത്തയ്ക്ക് നിർണായകമാകും.