കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്‍കുകയും നിരീക്ഷിക്കുകയും ചെയ്ത ഏതാനും സിനിമക്കാര്‍ ഒളിവില്‍ പോയി. ബംഗളൂരൂ മയക്കുമരുന്നു കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ അറസ്റ്റിനു പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്.
മലയാള സിനിമയിലേക്കു അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബിനീഷുമായി ബന്ധപ്പെട്ടവർക്കു നോട്ടീസ് അയച്ചത്. ലഹരിക്കടത്തിലെ പണമിടപാടുകളും സാമ്പത്തിക സ്രോതസും അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് മലയാളസിനിമയിലെ ബിനീഷിന്റെ സാമ്പത്തിക ഇടപെടല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി നിരവധി പേരെ നിരീക്ഷിച്ചു വരികയാണ്.
ബിനീഷിന്റെ മുതല്‍ മുടക്കില്‍ നിര്‍മിച്ച സിനിമയും അണിയറ ബന്ധമുള്ളവർക്കുമാണ് നോട്ടീസ് നൽകിയിരുന്നത്. കോട്ടയത്തുള്ള ഒരു നിര്‍മാതാവിനും നോട്ടീസ് ലഭിച്ചതോടെ ഇയാള്‍ സ്ഥലം വിട്ടു. ഇദ്ദേഹത്തിന്റെ സിനിമയില്‍ ബിനീഷാണ് മുതല്‍ മുടക്കിയതെന്ന സൂചനയുണ്ട്.
ലഹരിമരുന്നുമായി ബന്ധപ്പെട്ട സംശയങ്ങളാണ് നോട്ടീസിനു പിന്നിലുണ്ട്. മയക്കുമരുന്നു കേസില്‍ മാത്രമല്ല, പണമിടപാടിലും പണത്തിന്റെ ഉറവിടത്തെ കുറിച്ചും സംശയമുള്ള സിനിമാ പ്രവര്‍ത്തകരെയാണ് നോട്ടീസ് നല്കി വിളിപ്പിക്കുന്നത്.
രാഷ്ട്രീയത്തെക്കാള്‍ ബിനീഷിനു മലയാള സിനിമയുമായി ബന്ധമുണ്ടായിരുന്നു. മലയാള സിനിമയിലേക്കു കൊച്ചി കേന്ദ്രീകരിച്ചു മയക്കുമരുന്നു വിതരണം ശക്തമായിരുന്നുവെന്ന കണ്ടെത്തലാണ് എന്സിബിക്കുള്ളത്.
മലയാള സിനിമാ മേഖലയിലും ബിനീഷിനും അനൂപിനും ഇടപാടുകാരുള്ളതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ അന്വേഷണം വ്യാപിപ്പിക്കുന്നത്. മലയാള സിനിമാരംഗത്തു നേരത്തെയുണ്ടായ ലഹരിമരുന്ന് കേസുകളും നര്‍കോട്ടിക്സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുണ്ട്.