തിരുവനന്തപുരം : നെയ്യാർ സഫാരി പാർക്കിലെ കൂട്ടിൽ നിന്നും ചാടിപ്പോയ കടുവയെ മയക്കുവെടി വെച്ച് വീഴ്ത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ കണ്ടെത്തിയത്. പാർക്കിന് ഉള്ളിൽ തന്നെയായായിരുന്നു കടുവയുണ്ടായിരുന്നത്. വെടി വെയ്ക്കുന്ന സമയം കടുവ കിടക്കുകയായിരിന്നു. അതിനാൽ അക്രമസക്തമായില്ല. മയങ്ങി വീണ ഒമ്പതു വയസ്സുള്ള പെൺ കടുവയെ അധികൃതർ കൂട്ടിലേക്ക് മാറ്റി.
ഇന്നലെ ഉച്ചയോടെയായിരുന്നു വനംവകുപ്പിന്റെ സിംഹ സഫാരി പാർക്കിലെ കൂട്ടിൽ പാർപ്പിച്ചിരുന്ന കടുവ ചാടിപ്പോയത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച് മുകളിൽ കയറിയായിരുന്നു കടുവ രക്ഷപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച, വയനാട്ടിൽ നിന്നുമാണ് അധികൃതർ കടുവയെ നെയ്യാർഡാമിലെ മരക്കുന്നം ദ്വീപിലെത്തിച്ചത്.
സംഭവം നടന്നത് ദ്വീപിലായതിനാൽ, കടുവ ജനവാസകേന്ദ്രങ്ങളിൽ എത്തിയില്ലെന്നും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും വനംവകുപ്പ് ജനങ്ങളെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞ് ആരംഭിച്ച തിരച്ചിൽ ഫലപ്രദമാവാത്തതിനാൽ, കടുവ ജലാശയത്തിൽ ചാടിയെന്നായിരുന്നു അധികൃതർ ആദ്യം കരുതിയത്.
ഇന്ന് രാവിലെ മുതൽ വീണ്ടും അന്വേഷണം ആരംഭിച്ചതിനെ തുടർന്നാണ് ഉച്ചയോടെ കടുവയെ കണ്ടെത്തിയത്. അതേസമയം ശക്തമായ കൂട് കടുവ എങ്ങനെ വളച്ചെടുത്തു എന്നത്തിൽ വ്യക്തത ആയിട്ടില്ല. ഇതു സംബന്ധിച്ച് വിശദമായി പരിശോധിക്കും എന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
രണ്ടു മാസത്തോളം വയനാട് ചീയമ്പം പ്രദേശത്ത് വളർത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ കഴിഞ്ഞ 25 നാണ് കൂട്ടിലായത്. ചീയമ്പം കോളനി പരിസരത്ത് വളർത്ത് നായയെ പിടിക്കാൻ ശ്രമിച്ച കടുവയെ പ്രദേശവാസികൾ പാട്ടകൊട്ടി തുരത്തുകയായിരുന്നു. ആനപന്തിയിൽ സ്ഥാപിച്ച കൂട്ടിൽ കയറിയ കടുവയെ പിന്നീട് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു.
ചീയമ്പം പ്രദേശത്ത് നിന്ന് നാലു വർഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. ഇതിനെ പിന്നീട് അധികൃതർ ചൊവ്വാഴ്ച നെയ്യാർഡാമിൽ എത്തിക്കുകയായിരുന്നു. ഇവിടെ ട്രീറ്റ്മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാർപ്പിച്ചത്. ഈ കൂടിന്റെ മേൽഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടു പോയത്.