ശ്രീനഗർ : ജമ്മു കശ്മീരിൽ സർക്കാർ വിറ്റ ഭൂമി തിരിച്ചു പിടിക്കാൻ റോഷ്‌നി ആക്ട് റദ്ദാക്കാനുള്ള നടപടികളാരംഭിച്ച് ജമ്മുകശ്മീർ ഭരണകൂടം. ആക്ട് റദ്ദാക്കുന്നതിലൂടെ റോഷ്‌നി ഭൂപദ്ധതിയ്ക്കു കീഴിൽ അനുവദിച്ച ഭൂമിയെല്ലാം ആറു മാസത്തിനുള്ളിൽ വീണ്ടെടുക്കുമെന്നും ജമ്മുകശ്മീർ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ജമ്മുകശ്മീരിന്റെ നിയമ-പാർലിമെന്ററി വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തു വിട്ടത്.
മൂന്ന് ആഴ്ച മുമ്പ് പദ്ധതിയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതിയിൽ ജമ്മുകശ്മീർ ഹൈക്കോടതി സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഭരണകൂടത്തിന്റെ അടിയന്തര നടപടി. ഫാറൂഖ് അബ്ദുള്ള സർക്കാരിന്റെ കാലത്താണ് ജമ്മുകശ്മീരിൽ റോഷ്നി ആക്ട് നിലവിൽ വരുന്നത്.
ജമ്മു-കശ്മീർ സർക്കാരിന്റെ അധീനതയിലുള്ള ഭൂമി സർക്കാർ നിശ്ചയിക്കുന്ന വിലയ്ക്കു താല്പര്യമുള്ളവർക്ക് കൈമാറുകയും ഇതിൽ നിന്നും ലഭിക്കുന്ന ധനം മുഴുവൻ ജലവൈദ്യുത പദ്ധതിയ്ക്ക് വിനിയോഗിക്കാനുമാണ് സർക്കാർ തീരുമാനിച്ചിരുന്നത്.
പ്രതീക്ഷിച്ച ധനം സമാഹരിക്കാൻ ഇതു വഴി കഴിഞ്ഞില്ല. പദ്ധതി തീർത്തും പരാജയമായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് റോഷ്‌നി ആക്ട് എന്നറിയപ്പെടുന്ന ജമ്മു ആന്റ് കശ്മീർ സ്റ്റേറ്റ് ലാൻഡ് ആക്ട്, 2001 റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്.