ഐസ്വാൾ: എ ആർ റഹ്മാൻ ഈണമിട്ട ‘തുഝേ സലാം’ എന്ന ദേശഭക്തിഗാനം ഒന്ന് മൂളാത്തവരായി ആരുമുണ്ടാവില്ല. പുറത്തിറങ്ങി ഇത്രയും കാലത്തിനിടെ ഗാനത്തിന് എത്രയോ ഗായകർ പുനരാവിഷ്‌കരണം നടത്തി. ഇപ്പോഴിതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കവർ പതിപ്പ് ശ്രദ്ധേയമാവുകയാണ്. ഗാനം ആലപിച്ച ആളാണ് തന്നെയാണ് ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്.
മിസോറത്തിൽ നിന്നുള്ള നാലു വയസുകാരി എസ്തർ നാംതെയാണ് എആർ റഹ്മാൻ ഗാനം പാടി ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. തന്റെ യൂ ട്യൂബ് ചാനലിലൂടെയാണ് എസ്തർ ഗാനം പുറത്തിറക്കിയിരിക്കുന്നത്. എസ്തറിനൊപ്പം വേറെയും കുട്ടികളുണ്ട്. മിസോറത്തിന്റെ തനത് കലകളും ഭൂപ്രകൃതിയുമെല്ലാം ഗാനത്തിന് പശ്ചാത്തലമാകുന്നു.
പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾ ഒരു ഇന്ത്യക്കാരനാണെന്നതിൽ അഭിമാനം കൊള്ളുക. ഇത് സ്‌നേഹത്തിന്റെയും കരുതലിന്റെയും മമതയുടേയും രാജ്യമാണ് എന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം. ഈ മാസം 25-ന് പുറത്തുവിട്ടിരിക്കുന്ന വീഡിയോ ഇതുവരെ മൂന്ന് ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു.