അബൂദബി: പ്ലേഓഫ് യോഗ്യത നിർണയത്തിന് ഒരു പിടിയും തരാതെ ഇന്ത്യൻ പ്രീമിയർ ലീഗ് കുതിക്കുന്നു. ജീവൻമരണ പോരാട്ടത്തിനിറങ്ങിയ കിങ്സ് ഇലവൻ പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് സെമി സാധ്യതകൾ നിലനിർത്തി. പഞ്ചാബ് ഉയർത്തിയ 186 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാനായി ബെൻ സ്റ്റോക്സും (26 പന്തിൽ 50), സഞ്ജു സാംസണും (25പന്തിൽ 48) വീണ്ടും അവതരിക്കുകയായിരുന്നു. തുടർച്ചയായ അഞ്ച് വിജയങ്ങൾക്ക് ശേഷമാണ് പഞ്ചാബ് പരാജയം നുണയുന്നത്.
12 മത്സരങ്ങളിൽ നിന്നും 16 പോയൻറുമായി മുംബൈ േപ്ല ഓഫ് ഉറപ്പിച്ചപ്പോൾ 12 കളികളിൽ നിന്നും 14 പോയൻറുമായി ബാംഗ്ലൂർ രണ്ടാമതും ഡൽഹി മൂന്നാമതും നിൽക്കുന്നു. 13 മത്സരങ്ങളിൽ നിന്നും പഞ്ചാബിനും രാജസ്ഥാനും കൊൽക്കത്തക്കും 12 പോയൻറുകൾ വീതമാണുള്ളത്. റൺറേറ്റിൽ പഞ്ചാബാണ് മുമ്പിൽ. 12 മത്സരങ്ങൾ കളിച്ച സൺറൈസേഴ്സ് ഹൈദരാബാദിന് 10 പോയൻറുണ്ട്. ഇതോടെ അവസാന മത്സരങ്ങളിൽ തീപാറുമെന്നുറപ്പായി.
ആദ്യം മുതൽ ആക്രമിച്ചുകളിച്ച ബെൻ സ്റ്റോക്സിന് മുമ്പിൽ പഞ്ചാബ് ബൗളർമാർ നട്ടം തിരിഞ്ഞു. സ്റ്റോക്സിന് പിന്നാലെത്തിയ സഞ്ജു മൂന്ന് സിക്സറുകളും നാല് ബൗണ്ടറികളുമടക്കമാണ് 48 റൺസെടുത്തത്. 30 റൺസെടുത്ത റോബിൻ ഉത്തപ്പ രാജസ്ഥാൻ ബാറ്റിങ്ങിൻ്റെ അടിത്തറ ഉറപ്പാക്കി. 20 പന്തിൽ 31 റൺസെടുത്ത സ്റ്റീവൻ സ്മിത്തും 11 പന്തുകളിൽ 22 റൺസെടുത്ത ജോസ് ബട്ലറും ചേർന്ന് 17.3 ഓവറിൽ രാജസ്ഥാനെ വിജയത്തിലെത്തിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 63 പന്തുകളിൽ നിന്നും 99 റൺസെടുത്ത സാക്ഷാൽ ക്രിസ് ഗെയിലിെൻറ ബാറ്റിങ് കരുത്തിലാണ് വമ്പൻ സ്കോർ കുറിച്ചത്. എട്ട് സിക്സറുകളും ആറ് ബൗണ്ടറികളും നിറം ചാർത്തിയ ഇന്നിങ്സിനൊടുവിൽ സെഞ്ച്വറിക്ക് ഒരു റൺസകലെ ജോഫ്ര ആർച്ചർ ഗെയ്ലിനെ കുറ്റിതെറിപ്പിക്കുകയായിരുന്നു. കെ.എൽ രാഹുൽ 46ഉം നിക്കോളാണ് പുരാൻ 22 ഉം റൺസെടുത്തു. നാലോവറിൽ 26 റൺസെടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ആർച്ചർ വീണ്ടും തൻ്റെ ക്ലാസ് തെളിയിച്ചു.