തിരുവനന്തപുരം: സ്പോര്‍ട്സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം തള്ളി സ്പോർട്ട്സ് കൗണ്‍സിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ. സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടന്റെ പിഎക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സുരേന്ദ്രന് ആരോപിച്ചു. പിഎ ഔദ്യോഗിക വാഹനം ദുരുപയോഗപ്പെടുത്തിയതായും നിരവധി തവണ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതായും അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലിന്റെ പിഎ സിപിഎമ്മിന്റെ നോമിനിയാണ്.
കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനുമെല്ലാം ശിപാര്‍ശ ചെയ്ത് യുവജന കമ്മീഷന് ചെയര്‍പേഴ്സന്റെ ശിപാര്‍ശ പ്രകാരമാണ് അവരെ മേഴ്സി കുട്ടന്റെ പിഎ ആക്കിയതെന്നും സുരേന്ദ്രന് പറഞ്ഞു.
നിരവധി തവണ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കാര്‍ സ്വര്‍ണക്കള്ളക്കടത്തിന് ഉപയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കും അവിടെനിന്ന് ശിവശങ്കറിന്റെ ഓഫീസിലേക്കും വീട്ടിലേക്കും ഔദ്യോഗിക ചിഹ്നങ്ങളുള്ള ഈ കാര്‍ പോവുകയും വരികയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പിഎ ആയി ഈ വിവാദ വനിത എങ്ങനെ വന്നുവെന്ന് സിപിഎമ്മും സര്‍ക്കാരും വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.